രാഹുൽ സുപ്രീംകോടതിയിൽ ഖേദം പ്രകടിപ്പിച്ചു
Monday, April 22, 2019 1:37 PM IST
ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമർശത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. അഭിഭാഷകൻ മുഖേന സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുലിന്‍റെ ഖേദപ്രകടനം. രാഹുലിന്‍റെ സത്യവാങ്മൂലം ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന് രാഹുൽ പരാമർശിച്ചത്. ഇതിനെതിരേ ബിജെപി നേതാവ് മീനാക്ഷി ലേഖി സമർപ്പിച്ച ഹർജിയിൽ രാഹുലിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. ഈ നോട്ടീസിന് നൽകിയ മറുപടിയിലാണ് രാഹുൽ ഖേദപ്രകടനം നടത്തിയത്.

തെരഞ്ഞെടുപ്പ് ചൂടിൽ സംസാരിച്ചതാണെന്നും തന്‍റെ പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്നും രാഹുൽ കോടതിയെ അറിയിച്ചിട്ടുണ്ട്. രാഹുലിന്‍റെ ഖേദം കോടതി അംഗീകരിച്ചാൽ ചൊവ്വാഴ്ചയോടെ കേസ് അവസാനിക്കും. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കോടതിയലക്ഷ്യ നടപടിക്ക് സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.