ആഷസ്: ഇംഗ്ലണ്ടിന് 359 റണ്‍സ് വിജയലക്ഷ്യം
Saturday, August 24, 2019 5:13 PM IST
ലീഡ്സ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന് 359 റണ്‍സ് വിജയലക്ഷ്യം. രണ്ടര ദിവസത്തോളം നീണ്ടു ശേഷിക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം നടത്തിയെങ്കിലെ വിജയം സ്വന്തമാക്കാൻ കഴിയൂ.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 246 റണ്‍സിൽ അവസാനിച്ചു. തുടർച്ചയായ മൂന്നാം അർധ സെഞ്ചുറി നേടിയ മാർക്കസ് ലബുഷെയ്ന്‍റെ മികവിലാണ് ഓസീസ് മികച്ച ലീഡ് നേടിയത്. ലബുഷെയ്ൻ 80 റണ്‍സ് നേടി.

171/6 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം തുടങ്ങിയത്. ഇന്ന് അവർ 75 റണ്‍സ് കൂടി കൂട്ടിച്ചേർത്തു. വാലറ്റത്ത് 20 റണ്‍സ് നേടിയ ജയിംസ് പാറ്റിൻസണ്‍ ലബുഷെയ്ന് മികച്ച പിന്തുണ നൽകി. 112 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് മൂന്നും ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.

ആദ്യ ഇന്നിംഗ്സിൽ 179 റണ്‍സിന് പുറത്തായ ഓസീസ് ഇംഗ്ലണ്ടിനെ 67 റണ്‍സിന് ഓൾഔട്ടാക്കിയിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ജയിച്ച ഓസീസ് 1-0ന് മുന്നിലാണ്. രണ്ടാം മത്സരം സമനിലയിൽ കലാശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.