സക്സേന ബോർഡ് പ്രസിഡന്‍റ്സ് ഇലവനിൽ; രോഹിത് നായകൻ
Thursday, September 12, 2019 7:24 PM IST
മുംബൈ: കേരള രഞ്ജി താരം ജലജ് സക്സേനയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ത്രിദിന മത്സരത്തിനുള്ള ബോർഡ് പ്രസിഡന്‍റ് ഇലവനിൽ ഉൾപ്പെടുത്തി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നിശ്ചയിച്ചിരിക്കുന്ന പരിശീലന മത്സരത്തിൽ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ചതുർദിന മത്സരത്തിലെ ഇന്ത്യ എയുടെ വിജയ ശില്പിയായിരുന്നു സക്സേന.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓപ്പണറാകാൻ തയാറെടുക്കുന്ന രോഹിത് ശർമയ്ക്കും പരിശീലന മത്സരം നിർണായകമാണ്. മോശം ഫോമിലുള്ള കെ.എൽ.രാഹുലിനെ ഒഴിവാക്കി രോഹിതിനെ ടെസ്റ്റിലും ഓപ്പണറായി പരീക്ഷിക്കാൻ ടീം ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. പരമ്പരയിൽ ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങുന്ന രോഹിത്-മയങ്ക് അഗർവാൾ സഖ്യമാകും ബോർഡ് പ്രസിഡന്‍റ്സ് ഇലവനു വേണ്ടിയും ഓപ്പണ്‍ ചെയ്യുക. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സെപ്റ്റംബർ 26-നാണ് പരിശീലന മത്സരം തുടങ്ങുന്നത്.

ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), മയങ്ക് അഗർവാൾ, പ്രിയങ്ക് പാഞ്ചൽ, അഭിമന്യൂ ഈശ്വരൻ, കരുണ്‍ നായർ, സിദ്ധേഷ് ലാഡ്, കെ.എസ്.ഭരത്, ജലജ് സക്സേന, ധർമേന്ദ്ര ജഡേജ, അവേഷ് ഖാൻ, ഇഷാൻ പോറൽ, ഷർദുൽ ഠാക്കൂർ, ഉമേഷ് യാദവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.