വ്യാഴാഴ്ച മുതൽ വീണ്ടും വാഹന പരിശോധന
Wednesday, September 18, 2019 4:24 PM IST
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഉയർന്ന പിഴ മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് വന്നതും ഓണക്കാലവും കണക്കിലെടുത്ത് നിർത്തിവച്ചിരുന്ന വാഹന പരിശോധനയാണ് വീണ്ടും തുടങ്ങുന്നത്. പരിശോധനകൾ തുടങ്ങുമെങ്കിലും ഉയർന്ന പിഴ ഈടാക്കില്ലെന്നാണ് സർക്കാർ വാഗ്ദാനം. പകരം നിയമലംഘടനങ്ങൾ കോടതിയെ അറിയിക്കും.

സെപ്റ്റംബർ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തി തുടങ്ങിയത്. കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സംസ്ഥാനങ്ങൾ എല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കാതെ എങ്ങനെ സംസ്ഥാനങ്ങൾ പിഴ കുറയ്ക്കുമെന്നാണ് നിയമ വിദഗ്ധരുടെ സംശയം.

മണിപ്പൂർ മാതൃകയിൽ എട്ട് നിയമലംഘനങ്ങൾക്ക് പിഴ പകുതിയായി കുറയ്ക്കണമെന്ന വാദവും നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമാകും ഉയർന്ന പിഴത്തുകയിൽ തീരുമാനം കൈക്കൊള്ളുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.