പാക്കിസ്ഥാനെ ആക്രമിക്കാന്‍ മന്‍മോഹന്‍ സിംഗ് ആലോചിച്ചിരുന്നു: കാമറൂണ്‍
Thursday, September 19, 2019 8:34 PM IST
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഒരു വിശുദ്ധനായ മനുഷ്യനായിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനെ ആക്രമിക്കാനും അദ്ദേഹം ആലോചിച്ചിരുന്നു. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറൂണ്‍ ആണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ജൂലൈ 2011ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനു സമാനമായ മറ്റൊരു ഭീകരാക്രമണം കൂടെ നടത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും മന്‍മോഹന്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടേനെയെന്നാണ് കാമറൂണ്‍ തന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹനുമായി അടുത്തിടപഴകിയ വ്യക്തിയാണ് കാമറൂണ്‍. മന്‍മോഹനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മൂന്നുതവണ കാമറൂണ്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിടുന്നതിനുള്ള ബ്രെക്‌സിറ്റ് വിവാദങ്ങളെത്തുടര്‍ന്ന് 2016ലാണ് കാമറൂണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. വ്യാഴാഴ്ച റിലീസു ചെയ്ത ഫോര്‍ ദ റെക്കോര്‍ഡ് എന്ന തന്‍റെ പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ച് പലകുറി പ്രതിപാദിച്ചിട്ടുണ്ട്.

മന്‍മോഹനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെ. മന്‍മോഹന്‍ സിംഗുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ എനിക്കായിട്ടുണ്ട്. വിശുദ്ധനായൊരു മനുഷ്യനാണ് അദ്ദേഹം. എന്നാല്‍, പിന്നീട് ഒരു തവണ കണ്ടപ്പോള്‍, പാകിസ്ഥാന്‍ മുംബൈ ഭീകരാക്രമണം പോലെ മറ്റൊന്നു കൂടിയുണ്ടായാല്‍ പാക്കിസ്ഥാനെതിരെ സൈനിക നീക്കം ഉണ്ടാകുമെന്ന് മന്‍മോഹന്‍ പറഞ്ഞുവെന്നും അദ്ദേഹം എഴുതുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലവന്‍, പ്രധാനമന്ത്രി എന്നീ നിലകളില്‍ യുകെയുടെയും പാര്‍ട്ടിയുടെയും ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി മികച്ച ബന്ധം സ്ഥാപിക്കുന്നതിന് കാമറൂണ്‍ മികച്ച പങ്കാണ് വഹിച്ചത്. 2010ലെ തെരഞ്ഞെടുപ്പില്‍ യുകെയിലുളള ഒന്നര ദശലക്ഷം ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം പേരും വോട്ടു ചെയ്തതും കാമറൂണിനായിരുന്നു. ഇത് കാമറൂണിനു വന്‍നേട്ടമായി.

2002ലെ കലാപവുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ മോദിയുടെ ഗുജറാത്ത് സര്‍ക്കാരിന് ഏര്‍പ്പെടുത്തിയിരുന്ന ഡിപ്ലോമറ്റിക് ബോയ്‌കോട്ട് മാറ്റുന്നതിനു 2013ല്‍ നേതൃത്വം കൊടുത്തതും അന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാമറൂണ്‍ ആണ്. പിന്നീട് 2015ല്‍ മോദിയെ യുകെയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു കാമറൂണ്‍.

ഇന്ത്യയിലെത്തുമ്പോള്‍ ഒരു നൂതന പങ്കാളിത്തവും സഹകരണവുമാണ് ഞാന്‍ ലക്ഷ്യമിട്ടത്. ലോകത്തെ ഏറ്റവും പുരാതന ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും തമ്മില്‍ സ്ഥാപിക്കുന്ന ബന്ധത്തില്‍ നിന്ന് ഉരുത്തിരിയുന്ന അനന്ത സാധ്യതകളെക്കുറിച്ചു ചിന്തിക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനുമാണ് താന്‍ ഇന്ത്യയിലേക്കു വന്നിരുന്നത്. അല്ലാതെ പഴയ കോളോണിയല്‍ വാഴ്ചയുമായി ബന്ധപ്പെടുത്തി പരസ്പരം പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന കരാറല്ല ലക്ഷ്യമിട്ടതെന്നും കാമറൂണ്‍ എഴുതുന്നു.

യുകെ-യുഎസ് ബന്ധം സ്‌പെഷല്‍ എന്ന് കണക്കാക്കുന്നുവെങ്കില്‍ ഇന്ത്യയുമായി ഒരു വളരെ സ്‌പെഷലായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കാമറൂണ്‍ കുറിക്കുന്നു. യുകെ-ചൈന ബന്ധവും സ്‌പെഷല്‍ എന്നുതന്നെയാണ് കാമറൂണ്‍ വിശേഷിപ്പിക്കുന്നത്.

മോദിയുടെ യുകെ സന്ദര്‍ശനത്തെക്കുറിച്ചും കാമറൂണ്‍ തന്‍റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കാമറൂണ്‍. 2013ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് കാമറൂണ്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ചത്. ഈ സംഭവത്തെ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം സംഭവം എന്നു വിശേഷിപ്പിച്ച കാമറൂണ്‍ സംഭവത്തില്‍ മാപ്പും അപേക്ഷിച്ചിരുന്നു.

2005ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ ഇന്ത്യക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കാമറൂണ്‍ ശ്രമിച്ചിരുന്നു. ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുകയും യുകെ ഇന്ത്യക്കാര്‍ നടത്തുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനും ഇന്ത്യയില്‍ നിന്നെത്തുന്ന നേതാക്കളെ സന്ദര്‍ശിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഇംഗ്ലണ്ടിന്‍റെ പുരോഗതിക്കും വ്യവസായിക വിജയത്തിനും പിന്നില്‍ ഇന്ത്യക്കാരുടെ സേവനം മഹത്തരമാണെന്നും ഒരിക്കലും മറക്കാനാവാത്തതാണെന്നും കാമറൂണ്‍ തന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.