മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും കണ്ണെറിഞ്ഞ് ബിജെപി
Saturday, September 21, 2019 3:11 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി കണ്ണെറിയുന്നുണ്ട്. കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള മഞ്ചേശ്വരത്തും തെക്കേയറ്റത്തുള്ള വട്ടിയൂർക്കാവിലും താമര വിരിയിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. രണ്ടു മണ്ഡലങ്ങളും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാണെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസം.

ശക്തികേന്ദ്രങ്ങളാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് മണ്ഡലങ്ങളിൽ ജയം എളുപ്പമാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകളിൽ തന്നെ ബിജെപി രണ്ടു മണ്ഡലങ്ങളിലും യുഡിഎഫിന് പിന്നിലാണ്. പാർട്ടിയുടെ മുഖമായി മാറിയ കുമ്മനം രാജശേഖരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും വട്ടിയൂർക്കാവിൽ 2,836 വോട്ടിന് ബിജെപി പിന്നിലായിരുന്നു. 2016-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം കെ.മുരളീധരനോട് തോൽക്കുകയാണ് ചെയ്തത്.

രണ്ടു തുടർ തോൽവികൾ ഏറ്റെങ്കിലും വരുന്ന ഉപതെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിലേക്ക് ആദ്യം ബിജെപി പരിഗണിക്കുന്ന പേര് കുമ്മനം രാജശേഖരന്‍റേത് തന്നെയാണ്. ബിജെപി ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷ്, വി.വി.രാജേഷ് തുടങ്ങിയ പേരുകളൊക്കെ ഉയരുന്നുണ്ടെങ്കിലും പുതുമുഖത്തെ രംഗത്തിറക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.

വടക്കുള്ള കാഞ്ഞങ്ങാട്ട് 2016-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു ബിജെപിക്ക്. യുഡിഎഫിലെ പി.ബി.അബ്ദുൾ റസാഖിനോട് ബിജെപിയുടെ കെ.സുരേന്ദ്രൻ അന്ന് തോറ്റത് 89 വോട്ടുകൾക്ക് മാത്രം. കള്ളവോട്ട് ആരോപണം ഉന്നയിച്ച് പിന്നീട് സുരേന്ദ്രൻ കോടതിയെ സമീപിച്ചെങ്കിലും അബ്ദുൾ റസാഖിന്‍റെ മരണത്തോടെ പരാതി പിൻവലിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കഥയാകെ മാറിപ്പോയി. രാജ്മോഹൻ ഉണ്ണിത്താൻ എന്ന അപ്രതീക്ഷിത സ്ഥാനാർഥിയെ രംഗത്തിറക്കി യുഡിഎഫ് കാസർഗോട്ട് 40,438 വോട്ടുകളുടെ മിന്നും ജയം സ്വന്തമാക്കി. തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മാത്രം ഉണ്ണിത്താൻ നേടിയത് 11,113 വോട്ടിന്‍റെ ലീഡ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഈ ലീഡ് തിരിച്ചുപിടിച്ച് താമരവിരിയിക്കാൻ ബിജെപി കഠിനപ്രയത്നം നടത്തേണ്ടി വരും.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രവീശതന്ത്രി കുണ്ടാർ തന്നെയാണ് ബിജെപിയുടെ ലിസ്റ്റിലുള്ള ആദ്യ പേര്. എന്നാൽ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ പരിഗണിക്കുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കിയതോടെ ഒരുകൈ നോക്കാൻ തന്നെയാണ് ബിജെപി തീരുമാനമെന്ന് വ്യക്തമായി. ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.ശ്രീകാന്തിന്‍റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

വടക്കൻ ജില്ലകളിൽ ഉപതെരഞ്ഞെടുപ്പുള്ള ഏക മണ്ഡലമാണ് മഞ്ചേശ്വരം. അതിനാൽ തന്നെ മലബാറിലെ മുഴുവൻ നേതാക്കളും അടുത്ത ഒരു മാസം മഞ്ചേശ്വരം കേന്ദ്രീകരിച്ചാവും പ്രവർത്തിക്കുക. സ്ഥാനാർഥി പ്രഖ്യാപനം കൂടി വരുന്നതോടെ മലബാറിന്‍റെ രാഷ്ട്രീയ മുഖമായി മഞ്ചേശ്വരം മാറുമെന്നുറപ്പായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.