മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി "സൂപ്പർ വിസി' ചമഞ്ഞെന്ന് ചെന്നിത്തല
Friday, October 18, 2019 1:17 PM IST
തിരുവനന്തപുരം: മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരേ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ മാറ്റി നിർത്തി സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും സർവകലാശാലകളുടെ പ്രവർത്തനത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ചമഞ്ഞാണ് ഇടപെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. താൻ ഉന്നയിച്ച ഒരു കാര്യത്തിനും മന്ത്രിക്ക് കൃത്യമായ മറുപടിയുണ്ടായില്ല. മോഡറേഷന് താൻ എതിരല്ല. പക്ഷേ, അതിന്‍റെ മറവിൽ മാർക്ക് കുംഭകോണം അനുവദിക്കാൻ കഴിയില്ല. പ്രൈവറ്റ് സെക്രട്ടറി എന്ന് പറഞ്ഞാൽ മന്ത്രിയെ സഹായിക്കാൻ ഒരാൾ എന്നാണ് താൻ മനസിലാക്കിയത്. അല്ലാതെ സർവകലാശാല അദാലത്തിൽ പങ്കെടുക്കുന്ന ജോലി പ്രൈവറ്റ് സെക്രട്ടറിക്ക് ആരാണ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മാർക്ക്ദാന സംഭവം പുറത്തായതോടെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മന്ത്രി രക്ഷപെടാൻ ശ്രമിക്കുകയാണ്. ഇതിനാണ് തന്‍റെ മകന്‍റെ സിവിൽ സർവീസ് പ്രശ്നമൊക്കെ ഉന്നയിക്കുന്നത്. ഇതുകൊണ്ടൊന്നും മന്ത്രിക്ക് രക്ഷപെടാൻ കഴിയില്ല. കള്ളനെ കൈയോടെ പിടികൂടിയതിന്‍റെ പരിഭ്രമമാണ് മന്ത്രിക്ക്. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് സർവകലാശാലകളിൽ നിന്നും പുറത്തുവരുന്നത്. ഇങ്ങനെ ഇഷ്ടക്കാർക്ക് മാർക്ക് വാരിക്കോരി കൊടുക്കാനാണെങ്കിൽ പരീക്ഷ നടത്തേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സർവകലാശാലകളുടെ മൂല്യനിർണയത്തിൽ പോലും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും ഓഫീസും ഇടപെട്ടതിന്‍റെ വിവരങ്ങളാണ് പുറത്തുവരുന്നത്. സർവകലാശാലകളുടെ കലണ്ടർ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റി. ഇത്തരം നിരവധി ക്രമവിരുദ്ധമായ കാര്യങ്ങളാണ് മന്ത്രിയും കൂട്ടരും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മകന്‍റെ സിവിൽ സർവീസ് പരീക്ഷയ്ക്ക് താൻ ഡൽഹിക്ക് പോയെന്നാണ് മന്ത്രി ആരോപിക്കുന്നത്. പിന്നെ തന്‍റെ മകന്‍റെ ആവശ്യത്തിന് വേറെ ആരെങ്കിലും പോകുമോ എന്നും അവന് വേറെ അച്ഛനെയുണ്ടാക്കി കൊടുക്കാൻ പറ്റുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മുസ്‌ലിം ലീഗിന്‍റെ പ്രീതി സമ്പാദിക്കാനാണ് താൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന മന്ത്രിയുടെ വാദവും ചെന്നിത്തല തള്ളി. ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാത്തതുകൊണ്ടാണ് വിഷയം വഴിതിരിച്ചുവിടാൻ മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.