കൊല്ലത്ത് സ്കൂളിലെ മാലിന്യ ടാങ്കിൽ വീണ് അഞ്ച് കുട്ടികൾക്ക് പരിക്ക്
Friday, October 18, 2019 4:18 PM IST
അഞ്ചൽ: കൊല്ലം ഏരൂരിൽ സ്കൂളിലെ മാലിന്യ ടാങ്കിലേക്ക് വീണ് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകൾക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേർന്നാണ് മാലിന്യ ടാങ്കുള്ളത്. ഈ ടാങ്കിന്‍റെ സ്ലാബ് തകർന്ന് കുട്ടികൾ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകർന്നത്. ടാങ്കിൽ മാലിന്യം കുറവായിരുന്നതിനാൽ കുട്ടികൾക്ക് ശ്വാസതടസം പോലുള്ള പ്രശ്നങ്ങളുണ്ടായില്ല.

സംഭവമുണ്ടായതിന് പിന്നാലെ സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് കുട്ടികളെ പുറത്തെടുത്തു. പോലീസും സ്ഥലത്തെത്തി. തുടർന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.