എൻഎസ്എസിനെ ന്യായീകരിച്ച് ചെന്നിത്തല
Friday, October 18, 2019 4:48 PM IST
തിരുവനന്തപുരം: എൻഎസ്എസിനെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പിൽ സമദൂരം അല്ല ശരിദൂരമായിരിക്കും സംഘടനയുടെ നിലപാടെന്നാണ് എൻഎസ്എസ് പറഞ്ഞത്. അല്ലാതെ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നാണ് താൻ മനസിലാക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സിപിഎം നേതാക്കൾക്ക് പരാതിയുണ്ടായിരുന്നില്ലെന്നും അവർക്കെതിരേ സംസാരിക്കുമ്പോൾ വിമർശനങ്ങളാണെന്നും ചെന്നിത്തല പരിഹസിച്ചു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എൻഎസ്എസ് ആദ്യം മുതൽ വിശ്വാസികൾക്ക് ഒപ്പമായിരുന്നു. സുപ്രീംകോടതി വിധി വരുന്നതിനും മുൻപും ശേഷവും അവർ നിലപാട് മാറ്റിയിട്ടില്ല. എന്നാൽ ഇതിനെതിരേ മറ്റ് സംഘടനകളെ അണിചേർത്ത് നവോഥാന സമിതിയുണ്ടാക്കി സാമുദായിക ദ്രൂവീകരണത്തിന് വഴിവച്ചത് എൽഡിഎഫ് സർക്കാരാണ്. പ്രതിപക്ഷം തുടക്കത്തിൽ തന്നെ ഇത്തരം പ്രവർത്തികൾ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയും അദ്ദേഹം തള്ളിക്കളഞ്ഞു. ബെന്നി ബെഹനാനാണ് യുഡിഎഫ് കണ്‍വീനറെന്നും തത്കാലം വേക്കൻസി ഒന്നുമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.