പ്ലസ് വൺ വിദ്യാർഥികളുടെ മരണം: പിന്നിൽ അവയവ മാഫിയയെന്ന് സംശയം
Friday, October 18, 2019 5:49 PM IST
പൊ​ന്നാ​നി: മലപ്പുറം പെരുമ്പടപ്പിൽ 2016 നവംബറിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾ ബൈക്കപകടത്തിൽ മരിച്ച സംഭവം "ജോസഫ്' (അവയവ കച്ചവടം വിഷയമാക്കിയ സിനിമ) സ്റ്റൈൽ കൊലപാതകമാണെന്ന പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ബ്ദു​ൾ​ ഖാ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​വി​യൂ​ർ സ്വ​ദേ​ശി​യാ​യ ന​ജീ​ബു​ദീ​ൻ (16), സു​ഹൃ​ത്ത് വ​ന്നേ​രി സ്വ​ദേ​ശി വാ​ഹി​ദ് (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അ​പ​ക​ട​ശേ​ഷം ര​ണ്ടു പേ​രെ​യും വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ച​ത്. വാ​ഹി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യും ന​ജീ​ബു​ദീ​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മൂ​ന്നാം ​ദി​വ​സ​വു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ മാരക മുറിവാണ് മരണകാരണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹങ്ങളിൽ കയർ ഉപയോഗിച്ച് മുറുക്കിയ പോലുള്ള പാടുകളും ശസ്ത്രക്രിയ നടത്തിയതുപോലുള്ള പാടുകളും കണ്ടത് ബന്ധുക്കൾക്ക് സംശയത്തിനിടയാക്കി. ഇവരെ ആ​ശു​പ​ത്രി​ൽ എ​ത്തി​ച്ച​വ​രെ കു​റി​ച്ചു​ള്ള അ​ജ്ഞ​ത​യും അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് നി​ല​വി​ളി​യോ മ​റ്റു ശ​ബ്ദ​ങ്ങ​ളോ പ​രി​സ​ര​വാ​സി​ക​ൾ കേ​ൾ​ക്കാ​ത്ത​തും സംശയത്തിനിടയാക്കി.

മരിച്ച നജിബുദീന്‍റെ പിതാവ് ഉസ്മാന്‍റെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അ​വ​യ​വ മാ​ഫി​യ​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഉ​സ്മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നത്. ലോക്കൽ പോലീസിന്‍റെ ഇ​ൻ​ക്വ​സ​റ്റ് റി​പ്പോ​ർ​ട്ടിൽ പൊ​രു​ത്ത​ക്കേ​ടു​ക​ളുണ്ടെന്നും ഉസ്മാന് പരാതിയുണ്ടായിരുന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ലത്തെ​ത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അ​പ​ക​ടം ന​ട​ന്ന രീ​തി​യും സാ​ധ്യ​ത​ക​ളും ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​സ്മാ​നി​ൽ നി​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​രന്വേഷണങ്ങൾക്കായി ബ​ന്ധു​ക്ക​ളെ ബു​ധ​നാ​ഴ്ച മ​ല​പ്പു​റ​ത്തേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

2016 ന​വം​ബ​ർ 20ന് ​രാ​ത്രി പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പമായിരുന്നു അപകടം. അപകടം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് പുനരന്വേഷണം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.