വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് മുന്നേറ്റം
Thursday, October 24, 2019 10:24 AM IST
തിരുവനന്തപുരം: യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച് വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് സ്ഥാനാർഥികൾ ബഹുദൂരം മുന്നിലെത്തി. കോന്നിയിലെ വോട്ടുചോർച്ചയാണ് കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്നത്. 1996 മുതൽ അടൂർ പ്രകാശ് ജയിച്ചുവന്നിരുന്ന മണ്ഡലത്തിൽ എൽഡിഎഫിന്‍റെ കെ.യു.ജനീഷ്കുമാർ 5,003 വോട്ടുകളുടെ ലീഡാണ് ആദ്യറൗണ്ടുകളിൽ തന്നെ നേടിയത്.

അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററെ മറികടന്നാണ് കോന്നിയിൽ പി.മോഹൻരാജ് സ്ഥാനാർഥിത്വം നേടിയത്. പ്രചരണങ്ങളിലും അടൂർ പ്രകാശിന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത് യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. ബിജെപി ഏറെ പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ കെ.സുരേന്ദ്രൻ മൂന്നാമതാണ്.

വട്ടിയൂർക്കാവിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വി.കെ.പ്രശാന്ത് മണ്ഡലം എൽഡിഎഫിന് ഉറപ്പിച്ചിരിക്കുകയാണ്. 5,795 വോട്ടുകൾക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി ടി.എൻ.സീമ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലമാണ് പ്രശാന്തിലൂടെ തിരിച്ചുപിടിച്ചത്.

ഇവിടെയും യുഡിഎഫിന്‍റെ സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങളുണ്ടായിരുന്നു. എൻഎസ്എസ് യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്. സ്ഥാനാർഥിയായിരുന്ന കെ.മോഹൻകുമാറിന് വേണ്ടി സമുദായ നേതാക്കൾ പരസ്യമായി വോട്ട് അഭ്യർഥിക്കുന്ന സ്ഥിതിവരെയുണ്ടായിരുന്നിട്ടും മണ്ഡലം യുഡിഎഫ് കൈവിട്ടുകളഞ്ഞു.

അരൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം യുഡിഎഫ് തുടരുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇവിടെ 2,197 വോട്ടുകൾക്ക് മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മാത്രമാണ് ഇടത് സ്ഥാനാർഥി മനു സി. പുളിക്കലിന് ലീഡ് നേടാനായത്.

ശക്തികേന്ദ്രങ്ങളായ എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് ജയിച്ചുകയറുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മഞ്ചേശ്വരത്ത് എം.സി.ഖമറുദ്ദീൻ 3,323 വോട്ടുകൾക്കും എറണാകുളത്ത് ടി.ജെ.വിനോദ് 3,830 വോട്ടുകൾക്കും മുന്നിലാണ്.

കനത്ത മഴമൂലം പോളിംഗ് വലിയ തോതിൽ കുറഞ്ഞത് എറണാകുളത്ത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. വോട്ടുകൾ പലയിടത്തും കുറഞ്ഞെങ്കിലും മണ്ഡലം നിലനിർത്താൻ കഴിയുമെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.