ഇൻഡോർ ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ
Thursday, November 14, 2019 5:52 PM IST
ഇൻഡോർ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 150 റണ്‍സിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ ഒന്നാം ദിനം കളിനിർത്തുമ്പോൾ 86/1 എന്ന ശക്തമായ നിലയിലാണ്.

ചേതേശ്വർ പൂജാര (43), മായങ്ക് അഗർവാൾ (37) എന്നിവരാണ് ക്രീസിൽ. ആറ് റണ്‍സ് നേടിയ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒൻപത് വിക്കറ്റ് കൈയിലുള്ള ഇന്ത്യ, ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 64 റണ്‍സ് മാത്രം പിന്നിലാണ്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകൾ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ആർ.അശ്വിൻ എന്നിവരാണ് ബംഗ്ലാദേശിനെ തകർത്തത്.

43 റണ്‍സ് നേടിയ മുഷ്ഫിഖുർ റഹീമാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ. അഞ്ച് പേർ രണ്ടക്കം കാണാതെ മടങ്ങി. ക്യാപ്റ്റൻ മോമിനുൾ ഹഖ് 37 റണ്‍സ് നേടി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞ ബംഗ്ലാദേശ് പോരാട്ടത്തിന്‍റെ സൂചന പോലും നൽകാതെയാണ് ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

സ്കോർ 12 എത്തിയപ്പോൾ തന്നെ ഓപ്പണർമാർ രണ്ടും വീണു. നാലാം വിക്കറ്റിൽ മോമിനുൾ ഹഖ്-മുഷ്ഫിഖുർ റഹീം സഖ്യം 68 റണ്‍സ് നേടിയതൊഴിച്ചാൽ ബംഗ്ലാദേശിന് ആശ്വസിക്കാൻ ഒന്നുമില്ല. 51 റണ്‍സ് നേടുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകൾ അവർക്ക് നഷ്ടമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.