മായങ്ക് അഗർവാളിന് ഡബിൾ; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
Friday, November 15, 2019 5:21 PM IST
ഇൻഡോർ: ഓപ്പണർ മായങ്ക് അഗർവാളിന്‍റെ രണ്ടാം ഡബിൾ സെഞ്ചുറിയുടെ ബലത്തിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പടുകൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. രണ്ടാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ 493/6 എന്ന നിലയിലാണ്. 343 റണ്‍സിന്‍റെ ലീഡ് ഇന്ത്യ നേടിക്കഴിഞ്ഞു.

ഉജ്വല ഫോം തുടരുന്ന അഗർവാൾ 243 റണ്‍സ് നേടി. 28 ഫോറുകളും എട്ട് സിക്സറുകളും പറത്തിയ അഗർവാൾ ബംഗ്ലാ ബൗളർമാരെ മൈതാനത്തിന്‍റെ നാല് ഭാഗത്തേക്കും പായിച്ചു. അജിങ്ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (പുറത്താകാതെ 60), ചേതേശ്വർ പൂജാര (54) എന്നിവരും തിളങ്ങി. ജഡേജയ്ക്കൊപ്പം 10 പന്തിൽ മൂന്ന് സിക്സറുകൾ ഉൾപ്പടെ 25 റണ്‍സ് നേടിയ ഉമേഷ് യാദവാണ് ക്രീസിൽ.

86/1 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ ഇന്നുമാത്രം 407 റണ്‍സ് അടിച്ചുകൂട്ടി. നാലാം വിക്കറ്റിൽ രഹാനെയും അഗർവാളും 190 റണ്‍സ് കൂട്ടിച്ചേർത്തു. ജഡേജ-അഗർവാൾ സഖ്യം അഞ്ചാം വിക്കറ്റിൽ 133 റണ്‍സ് ചേർത്താണ് പിരിഞ്ഞത്. ബംഗ്ലാദേശിന് വേണ്ടി അബു ജയ്ദ് നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്തായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.