കൊറിയ മാസ്റ്റേഴ്സ്: ശ്രീകാന്തും സമീർ വർമയും രണ്ടാം റൗണ്ടിൽ
Wednesday, November 20, 2019 5:01 PM IST
ഗവാഞ്ചു: കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഇന്ത്യയുടെ സമീർ വർമയും കെ.ശ്രീകാന്തും ആദ്യ റൗണ്ട് മത്സരങ്ങളിൽ വിജയിച്ചു. ആറാം സീഡ് ശ്രീകാന്ത് ഹോങ്കോംഗിന്‍റെ വോംഗ് വിംഗ് കി വിൻസന്‍റിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ: 21-18, 21-17. നേർക്കുനേർ പോരാട്ടത്തിൽ ഹോങ്കോംഗ് താരത്തിനെതിരെ ശ്രീകാന്തിന്‍റെ 11-ാം ജയമാണിത്. മൂന്ന് മത്സരങ്ങൾ വോംഗ് വിംഗും വിജയിച്ചിട്ടുണ്ട്.

സമീർ വർമയും ആദ്യ റൗണ്ട് വിജയിച്ച് മുന്നേറ്റം നടത്തി. ജപ്പാന്‍റെ കസുമസ സാകായി പരിക്കുമൂലം മത്സരത്തിനിടെ പിന്മാറുകയായിരുന്നു. ആദ്യ ഗെയിമിൽ 11-8 എന്ന നിലയിൽ സമീർ മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു ജാപ്പനീസ് താരത്തിന്‍റെ പിന്മാറ്റം.

അതേസമയം ഇന്ത്യയുടെ സൗരഭ് വർമ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയുടെ കിം ഡൊംഗനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സൗരഭ് തോൽവി വഴങ്ങിയത്. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യ താരത്തിന് അടിപതറിയത്. സ്കോർ: 21-13, 12-21, 13-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.