ദിലീപ് ഇന്നും ഹാജരായില്ല; അവധിക്ക് അപേക്ഷ നൽകി
Tuesday, December 3, 2019 12:54 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് വിചാരണ നടപടികൾക്കായി ഇന്നും കോടതിയിൽ ഹാജരായില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ദിലീപ് വിദേശത്തായിരുന്നു. എന്നാൽ തിങ്കളാഴ്ച തിരിച്ചെത്തിയെങ്കിലും ഇന്നും കോടതിയിൽ എത്തിയില്ല. അഭിഭാഷകൻ മുഖേന അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ഉൾപ്പടെയുള്ള മറ്റ് പ്രതികളെല്ലാം ഇന്ന് കോടതിയിൽ ഹാജരായി.

നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കാൻ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധൻ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

ഈ ദൃശ്യങ്ങളുടെ പകർപ്പ് തേടി ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പകർപ്പ് ദിലീപിന് നൽകാൻ വിസമ്മതിച്ച കോടതി സാങ്കേതിക വിദഗ്ധനെ ഉപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകിയിരുന്നു. ഇതിന്‍റെ പേരിൽ വിചാരണ ദീർഘിപ്പിക്കാൻ ശ്രമിക്കരുതെന്നും കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.