ബത്തേരി സംഭവം: ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും
Friday, January 17, 2020 3:31 PM IST
വയനാട്: പെണ്‍കുട്ടി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തിൽ ബസിന്‍റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.

പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഗതാഗത കമ്മീഷണറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടികൾ ആരംഭിച്ചത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ ബത്തേരിയിലായിരുന്നു സംഭവം. സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന സ്കൂൾ വിദ്യാർഥികളെ കയറ്റാതിരിക്കാനാണ് പെണ്‍കുട്ടി ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തത്. പെണ്‍കുട്ടി നിലത്തുവീണതോടെ പിന്നാലെയിറങ്ങിയ പിതാവ് ബസ് ജീവനക്കാരുടെ നടപടി ചോദ്യം ചെയ്തു.

പിന്നിലെ വാതിലിലൂടെ ഇറങ്ങിയ പിതാവ് മുന്നിലെ വാതിലിൽ കയറിനിന്നാണ് ജീവനക്കാരോട് തർക്കിച്ചത്. ഇതിനിടെ ബസ് മുന്നോട്ടെടുത്തപ്പോൾ കണ്ടക്ടർ പെണ്‍കുട്ടിയുടെ പിതാവിനെ തള്ളിയിടുകയും പിന്നിലെ ചക്രം കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

തുടയെല്ല് പുറത്തുവന്ന നിലയിൽ പെണ്‍കുട്ടിയുടെ പിതാവ് കാര്യമ്പാടി സ്വദേശി ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.