ഡല്‍ഹി കലാപം: വിദ്വേഷത്തിനും വെറുപ്പിനും ഇടയില്‍ പ്രതീക്ഷകളുടെ പച്ചത്തുരുത്തുകള്‍
Thursday, February 27, 2020 6:35 PM IST
ന്യൂഡല്‍ഹി: മൂന്നു ദിവസം തലസ്ഥാനത്തെ പിടിച്ചുലച്ച കലാപത്തിനും മരണങ്ങള്‍ക്കും നടുവില്‍ പ്രതീക്ഷയുടെ പച്ചത്തുരുത്തായി ശീലംപൂരില്‍ ഒരിടം. അര നൂറ്റാണ്ടുകാലമായി അയല്‍ക്കാരായ അബ്ദുള്‍ മജീദും പ്യാരേലാലും അടുത്തടുത്തിരുന്ന് അക്രമങ്ങളുടെ വാര്‍ത്തകളും ആശങ്കകളും പങ്കുവയ്ക്കുകയാണ്. കഴിഞ്ഞ 55 വര്‍ഷമായി അയല്‍ക്കാരും അടുത്തു സുഹൃത്തുക്കളുമാണിവര്‍. പരിസര പ്രദേശങ്ങളിലെല്ലാം തന്നെ കലാപവും അക്രമങ്ങളും അഴിഞ്ഞാടിയപ്പോഴും ഈ സ്ഥലത്തേക്ക് മാത്രം അതൊന്നും കടന്നെത്താത്തതിന്റെ അടയാളങ്ങള്‍ തന്നെയാണ് ഈ രണ്ട് അയല്‍ക്കാര്‍.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ശീലംപൂരിലെ ജെ ബ്ലോക്കില്‍ താമസിക്കുന്നവരെല്ലാം തന്നെ കലാപത്തിനും വര്‍ഗീയതയ്ക്കും കടന്നു വരാന്‍ ഇട കൊടുക്കാതെ വാതിലുകള്‍ അടച്ചു കാവലിരിക്കുന്നവരാണ്. തങ്ങളുടെ ഓര്‍മയില്‍ ഒരിക്കല്‍ പോലും ഇവിടെ ഒരു തരത്തിലുള്ള വര്‍ഗീയ ലഹളകളും ഉണ്ടായിട്ടില്ലെന്ന് അബ്ദുള്‍ മജീദ് പറയുന്നു. കലാപത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നപ്പോള്‍ തന്നെ ഇവിടെയുള്ളവര്‍ കൂടിയാലോചിച്ച് പുറത്തു നിന്നെത്തുന്ന ആരെയും തന്നെ തങ്ങളുടെ പ്രദേശത്തേക്ക് കയറ്റേണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനം എടുത്തു. തങ്ങള്‍ക്കിടയില്‍ ഹിന്ദുവെന്നോ മുസ്ലിം എന്നോ വേര്‍തിരിവുകള്‍ വേണ്ടെന്നത് തലമുറകളായുള്ള തീരുമാനമാണെന്നും അബ്ദുള്‍ മജീദ് പറഞ്ഞു.

നാലാം ദിവസവും നടുക്കം വിട്ടുമാറാത്ത വിധം ഡല്‍ഹിയിലെ പിടിച്ചു കുലുക്കിയ കലാപത്തിനിടയിലും പല സ്ഥലങ്ങളിലും ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അടയാളങ്ങള്‍ പ്രകടമായിരുന്നു. കലാപത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ യമുന വിഹാറില്‍ വിവിധ സമുദായങ്ങളില്‍ പെട്ടവര്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് സ്കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിത വഴിയൊരുക്കിയത്. പോലീസുകാരുടെ അഭാവത്തില്‍ പ്രദേശവാസികള്‍ തന്നെയാണ് ഇതിനായി വേര്‍തിരിവുകള്‍ ഇല്ലാതെ മുന്നിട്ടിറങ്ങിയത്.

കലാപത്തിന് ഇരകളായ മുസ്ലിം, ഹിന്ദു വിഭാഗങ്ങള്‍ക്കായി സിക്ക് ഗുരുദ്വാരകളുടെ വാതില്‍ തുറന്നിട്ടു. വടക്കന്‍ ഡല്‍ഹിയിലെ മജ്നു കടിലയിലും ഗുരുദ്വാരകള്‍ അഭയകേന്ദ്രങ്ങളായി. ശീലംപൂരില്‍ അക്രമികള്‍ മുസ്ലിംഭൂരിപക്ഷ പ്രദേശത്തേക്ക് കടക്കാതിരിക്കാന്‍ പ്രദേശത്തെ റോഡുകളില്‍ ദളിത് വിഭാഗത്തില്‍പെട്ട പ്രദേശവാസികളാണ് കാവല്‍ നിന്നത്. രമേഷ് പാര്‍ക്ക് പ്രദേശത്ത് ഹിന്ദു, സിക്ക് വിഭാഗത്തില്‍ പെട്ടവര്‍ സംയുക്തമായാണ് മുസ്ലിംകള്‍ക്ക് സുരക്ഷയൊരുക്കിയത്. ലളിത പാര്‍ക്കിനടുത്ത് സിക്കുകാരും ഹിന്ദു സമുദായക്കാരും മുസ്ലിംകളുടെ വീടുകള്‍ സന്ദര്‍ശിച്ച് സുരക്ഷയും സമാധാനവും ഉറപ്പു നല്‍കി.

പരിസരവാസികളായ ഹിന്ദു സഹോദരന്‍മാരാണ് തന്നെയും കുടുംബത്തെയും അക്രമികളില്‍ നിന്നു രക്ഷിച്ചതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ജുനൈദ് അഹമ്മദ് പറഞ്ഞത്. യമുന വിഹാറില്‍ ബിജെപി കൗണ്‍സിലര്‍ തന്നെ മുസ്ലിംകളുടെ രക്ഷയ്ക്കെത്തി. മൗജ്പൂരിലെ ബജ്റംഗ്ബലി മൊഹല്ലയില്‍ പ്രദേശവാസികള്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഹനുമാന്‍ ക്ഷേത്രത്തിലാണ് അഭയം നല്‍കിയത്.

അയല്‍പക്കത്തെ ഹിന്ദു സഹോദരങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടുമാത്രമാണ് തന്‍റെ ഉടലില്‍ ഇപ്പോഴും ജീവന്‍ ബാക്കിയുള്ളതെന്നാണ് ശിവ് വിഹാറില്‍ താമസിക്കുന്ന അസ്മ പറഞ്ഞത്. അക്രമികളുടെ വരവ് കണ്ട് അസ്മ ഉള്‍പ്പടെയുള്ളവരെ സമീപത്തുള്ള ഹിന്ദു കുടുംബം അവരുടെ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. പ്രേംനഗര്‍ കോളനിയില്‍ മൂന്ന് മുസ്ലിം കുടുംബങ്ങള്‍ മാത്രമാണുള്ളത്. മൂന്ന് വീടുകളും അക്രമികള്‍ അഗ്നിക്കിരയാക്കി. അക്രമികളെ കണ്ട് ഓടിയ ഇവര്‍രെയും ഹിന്ദു കുടംബങ്ങള്‍ ഒളിപ്പിച്ചതോടെയാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

ഹിന്ദുക്കളും മുസ്ലിംകളും ഏകദേശം തുല്യഅനുപാതത്തില്‍ കഴിഞ്ഞുകൂടുന്ന സ്ഥലമാണ് ശീലംപൂരിലെ ജെ ബ്ലോക്ക്. എല്ലാക്കാലത്തും വര്‍ഗീയതക്കെതിരേ ഒരുമിച്ച് ഒറ്റക്കെട്ടായി ചെറുത്തു നിന്ന ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്. ഫെബ്രുവരി 25ന് പുറത്തു നിന്നുള്ള യുവാക്കള്‍ പ്രദേശത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചിരുന്നു. അതോടെ കലാപം ഇവിടേക്കും പടരുന്നു എന്ന വാര്‍ത്തകള്‍ പരക്കുകയും ആളുകള്‍ കടകളും മറ്റും അടച്ചു വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, അസാധാരണമായി ഒന്നും സംഭവിച്ചില്ലെന്നും മതത്തിന്‍റെ പേരില്‍ വേര്‍തിരിവില്ലാതെ തങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

1984ലെ സിക്ക് വിരുദ്ധ കലാപകാലത്തും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷവും ശീലംപൂരിലെ ജെ ബ്ലോക്ക് കലാപങ്ങളിലേക്ക് വഴുതി വീഴാതെ സാമൂഹിക സാഹോദര്യം മുറുകെ പിടിച്ചു നിന്ന സ്ഥലമാണ്. തൊട്ടടുത്തുള്ള പല സ്ഥലങ്ങളിലും കലാപങ്ങള്‍ ഉണ്ടായിട്ടും തങ്ങളുടെ പ്രദേശത്ത് മാത്രം സമാധാനം നിലനിന്നു എന്നാണ് ഇവിടെ താമസിക്കുന്ന വേദ് പ്രകാശ് പറഞ്ഞത്. ചുറ്റും കലാപങ്ങളും അക്രമങ്ങളും ഭീതിയും നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ചെറിയ സ്ഥലത്ത് മാത്രം ഇത് പടരാതെ പിടിച്ചു നില്‍ക്കുക എന്നത് ചെറിയ കാര്യമല്ലെന്നാണ് ഇവിടുത്തെ മറ്റൊരു താമസക്കാരന്‍ സമീര്‍ പറഞ്ഞത്.

പലസ്ഥലങ്ങളില്‍ ജോലികള്‍ക്കും മറ്റുമായി പോയിരുന്ന ഇവിടുത്തെ ആളുകള്‍ ഒട്ടേറെ ഭീതിയോടൊണ് വീടുകളിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, നിര്‍ഭാഗ്യകരമായതൊന്നും ഇവിടെ സംഭവിച്ചില്ല. വളരെ പെട്ടെന്നു തന്നെ സാധാരണ നിലയിലേക്ക് എത്തിയെന്നും സമീര്‍ പറഞ്ഞു. അക്രമത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നപ്പോഴും അതിനൊന്നും അധികം ചെവി കൊടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു തങ്ങളുടേതെന്നാണ് സതീഷ് സെയ്നി പറഞ്ഞത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.