ഹാമിൽട്ടണിൽ വിൻഡീസ് തോൽവിയിലേക്ക്
Saturday, December 5, 2020 12:09 PM IST
ഹാമിൽട്ടണ്‍: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് തോൽവിയിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 138 റണ്‍സിന് പുറത്തായ വിൻഡീസിന് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നു. മൂന്നാം ദിനം കളിനിർത്തുമ്പോൾ വിൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 196/6 എന്ന നിലയിലാണ്.

നാല് വിക്കറ്റ് ശേഷിക്കുന്ന വിൻഡീസിന് കിവീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പം എത്താൻ 185 റണ്‍സ് കൂടി വേണം. കിവീസ് ആദ്യ ഇന്നിംഗ്സിൽ 519/7 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

ഒന്നാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 49 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ വിൻഡീസിന് ഒറ്റദിവസം 15 വിക്കറ്റുകളാണ് നഷ്ടമായത്. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷെയ്ൻ ഡൗറിച്ച് ബാറ്റ് ചെയ്യാൻ എത്തിയതുമില്ല.

മൂന്നാം ദിനം നാല് റണ്‍സ് കൂടി ചേർത്തപ്പോൾ ആദ്യ വിക്കറ്റ് വിൻഡീസിന് നഷ്ടമായി. 26 റണ്‍സ് നേടിയ ജോണ്‍ കാംബലാണ് ആദ്യം വീണത്. പിന്നാലെ പവലിയനിലേക്ക് വിൻഡീസ് ബാറ്റ്സ്മാൻമാരുടെ ഘോഷയാത്രയായിരുന്നു.

85 റണ്‍സ് എടുക്കുന്നതിനിടെ ഒൻപത് വിക്കറ്റുകൾ സന്ദർശകർക്ക് നഷ്ടമായി. 25 റണ്‍സോടെ നായകൻ ജേസണ്‍ ഹോൾഡർ പുറത്താകാതെ നിന്നു. കിവീസിനായി ടിം സൗത്തി നാല് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിലും വിൻഡീസ് സ്ഥിതി വ്യത്യസ്ഥമായില്ല. മുൻനിര തകർന്നടിഞ്ഞതോടെ വിൻഡീസ് 89/6 എന്ന നിലയിലേക്ക് വീണു. ഏഴാം വിക്കറ്റിൽ ജെർമി ബ്ലാക്‌വുഡും (പുറത്താകാതെ 80), അൽസാരി ജോസഫും (പുറത്താകാതെ 59) നടത്തിയ ചെറുത്തുനിൽപ്പാണ് വിൻഡീസിന് ആശ്വാസമായത്. ഇരുവരും ചേർന്ന് ഇതുവരെ 107 റണ്‍സ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.