നാർകോട്ടിക്: സമസ്ത ഇടഞ്ഞു; മുഖ്യമന്ത്രി വീണ്ടും വിമർശനമുയർത്തി
നാർകോട്ടിക്: സമസ്ത ഇടഞ്ഞു; മുഖ്യമന്ത്രി വീണ്ടും വിമർശനമുയർത്തി
Wednesday, September 22, 2021 2:24 PM IST
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ദിവസങ്ങൾക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ്പിനെതിരേ വിമർശനവുമായി രംഗത്തുവന്നതു മുസ്‌ലിം സംഘടനയായ സമസ്തയുടെ കടുത്ത പ്രതിഷേധത്തിനു പിന്നാലെ.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാർക്കോട്ടിക് ജിഹാദ് പ്രസംഗം ചർച്ചയായതിനു പിന്നാലെ ആദ്യ ദിവസങ്ങളിൽ മുഖ്യമന്ത്രി വിമർശനവുമായി രംഗത്തുവന്നിരുന്നു.

എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ് ചൂണ്ടിക്കാണിച്ച വിഷയത്തിനു പൊതുസമൂഹത്തിന്‍റെ വലിയ പിന്തുണ കിട്ടുന്നതു മനസിലാക്കി വിമർശനങ്ങളിൽനിന്നു സിപിഎം പതുക്കെ പിൻവലിഞ്ഞു.

ബിഷപ്പിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടു നിരവധി നേതാക്കളും പ്രസ്ഥാനങ്ങളും പാലായിലെത്തുകയും അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തതോടെ മുഖ്യ രാഷ്‌ട്രീയ കക്ഷികളായ സിപിഎമ്മും കോൺഗ്രസും വെട്ടിലാവുകയുംചെയ്തിരുന്നു.

ഇതിനിടയിൽ നാർകോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പിനെ പൂർണമായും പിന്തുണച്ചു ബിജെപിയും രംഗത്തെത്തി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ബിഷപ്പിനെ നേരിട്ടു വിളിച്ചു പിന്തുണ അറിയിച്ചു. സുരേഷ് ഗോപി എംപിയും വിവിധ ബിജെപി നേതാക്കളും പിന്തുണയുമായി പാലാ ബിഷപ്സ് ഹൗസിലെത്തി.

ഇതോടെ കോൺഗ്രസും ചുവടുമാറ്റി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പാലായിലെത്തി ബിഷപ്പിനെ കണ്ടു സംസാരിച്ചു. അന്തരീക്ഷം മാറുന്നതു മനസിലാക്കിയ സിപിഎം ഉടനെ മന്ത്രി വി.എൻ. വാസവനെ ബിഷപ്പിനെ കാണാൻ നിയോഗിച്ചു.

വാസവൻ പാലായിലെത്തി ബിഷപ്പിനെ കണ്ടു സംസാരിക്കുകയും മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തു. ബിഷപ്പുമായി വ്യക്തിപരമായി തനിക്ക് അടുപ്പമുണ്ടെന്നും അദ്ദേഹം കാര്യങ്ങൾ പഠിച്ചു മനസിലാക്കി സംസാരിക്കുന്ന ആളാണെന്നും വാസവൻ പറഞ്ഞു. ‌

അതുപോലെ നാർക്കോട്ടിക് ജിഹാദ് വിഷയം ഇനി അടഞ്ഞ അധ്യായമാണെന്നും അതിനെക്കുറിച്ച് ഇനി വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാർക്കോട്ടിക് ജിഹാദ് വിഷയം ഉന്നയിച്ച ബിഷപ്പിനെ ഇടതുസർക്കാരിലെ മന്ത്രി തന്നെ നേരിട്ടു സന്ദർശിച്ചതു പക്ഷേ, സമസ്ത അടക്കമുള്ള സംഘടനകളെ ഞെട്ടിച്ചു. പിറ്റേന്നു തന്നെ പത്രസമ്മേളനം വിളിച്ചു ചേർത്ത സമസ്ത നേതാക്കൾ ഇടതു സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

മന്ത്രി ബിഷപ്പിനെ സന്ദർശിച്ചതോടെ അദ്ദേഹം ഉയർത്തിയ വിഷയത്തെ സർക്കാർ തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു തുല്യമാണെന്ന വിമർശനമാണ് സമസ്ത ഉയർത്തിയത്. മന്ത്രിയെയും സർക്കാരിനെയും ഇക്കാര്യത്തിൽ സമസ്ത കുറ്റപ്പെടുത്തി.

സമസ്തയുടെ അതൃപ്തി മനസിലാക്കി തണുപ്പിക്കാനാണ് മുഖ്യമന്ത്രി ദിവസങ്ങൾക്കു ശേഷം ഇന്നലെ വീണ്ടും പാലാ ബിഷപ്പിനെതിരേ വിമർശനമുന്നയിക്കാൻ തയാറായതെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. തികച്ചും പാർട്ടിയുടേതായി നടത്തിയ ഒാൺലൈൻ സമ്മേളനത്തിലാണ് ബിഷപ്പിനെതിരേ അല്പംകൂടി സ്വരം കടുപ്പിച്ചു ഇന്നലെ മുഖ്യമന്ത്രി പ്രതികരണം നടത്തിയത്.

ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി നാർകോട്ടിക് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നാണ് ഇന്നലെ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. പാലക്കാട് പെരുവെന്പിൽ പുതുതായി പണികഴിപ്പിച്ച സിപിഎം ലോക്കൽ കമ്മിറ്റി ഒാഫീസ് ഒാൺലൈനിൽ ഉദ്ഘാടനം ചെയ്യുന്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നാർകോട്ടിക് വ്യാപനത്തിനെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും സ്കൂൾ തലം മുതൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടയിൽ ഇങ്ങനെ‍യൊരു പദം ഉയർത്തിയതു നിർഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

നാർകോട്ടിക് വിഷയം അടക്കം ചർച്ച ചെയ്യാൻ പ്രധാന മുസ്‌ലിം സംഘടനകൾ ഇന്നു കോഴിക്കോട്ട് യോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി ബിഷപ്പിനെതിരേ അപ്രതീക്ഷിതമായി വീണ്ടും വിമർശനം ഉയർത്തി രംഗത്തുവന്നത്. ഇതുവഴി സംഘടനകളെ ഒരു പരിധിവരെ തണുപ്പിക്കാമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാൽ, മുഖ്യമന്ത്രിയുടെ ഇന്നലെത്തെ അനവസരത്തിലുള്ള പ്രതികരണത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നു. അടഞ്ഞ അധ്യായമെന്ന് ഒരു മന്ത്രി തന്നെ പ്രഖ്യാപിച്ച വിഷയം മുഖ്യമന്ത്രി വീണ്ടും തുറന്നതിന്‍റെ സാഹചര്യം എന്താണെന്നു വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്.

ഇതിനിടെ, പാലാ ബിഷപ് മുന്നോട്ടുവച്ച നാർക്കോട്ടിക് ജിഹാദ് എന്ന വിഷയം അന്വേഷിക്കേണ്ടതാണെന്ന ആവശ്യത്തിനു പിന്തുണയുമായി കൂടുതൽ സംഘടനകൾ വീണ്ടും രംഗത്തുവന്നു. രാഷ്‌ട്രീയക്കാർ പലതട്ടിൽ ചാടിക്കളിക്കുന്പോഴും പൊതുസമൂഹം ഈ വിഷയം ഏറ്റെടുക്കുന്നു എന്നുള്ളതിന്‍റെ സൂചനയാണ് ഒാരോ ദിവസം പുറത്തുവരുന്നത്.

ഏറ്റവുമൊടുവിലായി പെന്തക്കോസ്തൽ കൗൺസിൽ ഒാഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഭാരവാഹികളാണ് പാലാ ബിഷപ്പിനെ സന്ദർശിച്ചു പിന്തുണ അറിയിച്ചത്. കത്തോലിക്ക സഭയുമായി അത്ര അടുത്ത അടുപ്പമൊന്നുമില്ലാത്ത പെന്തക്കോസ്തൽ സഭകൾ തന്നെ പിന്തുണയുമായി രംഗത്തുവന്നത് ഈ വിഷയത്തിനു കിട്ടുന്ന സ്വീകാര്യതയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.