ഉടൻ വരുന്നൂ! തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ, നിബന്ധനകൾ
ഉടൻ വരുന്നൂ! തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ, നിബന്ധനകൾ
Tuesday, October 19, 2021 2:35 PM IST
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. തീയേറ്റർ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മൾട്ടിപ്ലക്സുകൾ അടക്കം തുറക്കാനാണ് തീരുമാനം. തീയേറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചുതുറക്കാൻ നേരത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25 മുതൽ തുറക്കാനാണ് ഇപ്പോൾ തീരുമാനം.

ഇതിനു മുന്നോടിയായി തിയേറ്റർ ഉടമകളുടെ സംഘം 22ന് സർക്കാരുമായി ചർച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ ധാരണയാകും.

നിരവധി സിനിമകളാണ് തിയേറ്ററിൽ എത്താനായി കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ അടക്കം തിയേറ്ററിൽ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകൾ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവർത്തകരും.

പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാം.

ഇതിനിടെ, സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും നേരത്തെ അവലോകന യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. പരമാവധി അന്‍പത് പേര്‍ക്കാണ് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ അനുമതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.