മാരകായുധങ്ങളുമായി കുറുവ സംഘത്തിന്‍റെ ദൃശ്യങ്ങൾ, ഉറക്കം നഷ്ടപ്പെട്ടു നാട്
മാരകായുധങ്ങളുമായി കുറുവ സംഘത്തിന്‍റെ ദൃശ്യങ്ങൾ, ഉറക്കം നഷ്ടപ്പെട്ടു നാട്
Monday, November 29, 2021 2:21 PM IST
അതിരന്പുഴ(കോട്ടയം): മാരകായുധങ്ങളുമായി അല്പ വസ്ത്രധാരികളായി രാത്രിയിൽ വീടുകൾ തേടി വരുന്ന കുറുവ സംഘത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോട്ടയം അതിരന്പുഴ മേഖലയിൽ ഉറക്കം നഷ്ടമായി നാട്ടുകാർ.

നിരവധി വീടുകളിൽ മോഷണം ശ്രമം നടന്നതായും കണ്ടെത്തി. ചില വീടുകളുടെ ഭിത്തിയിൽ ചുണ്ണാന്പ് പോലെയുള്ള വസ്തു ഉപയോഗിച്ചു പ്രത്യേക അടയാളം ഇട്ടിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഉറക്കം നഷ്ടമായ ജനത രാത്രി ഉണർന്നിരിക്കുകയും സംഘങ്ങളായി തിരിഞ്ഞു കാവലിരിക്കുകയാണ്.

നാട്ടിലെന്പാടും രണ്ടു ദിവസമായി ചർച്ചാ വിഷയം കുറുവ സംഘത്തിന്‍റെ വരവാണ്. ജനങ്ങൾ ആകെ ഭീതിയിലാണ്. പലർക്കും രാത്രിയായാൽ വലിയ ആശങ്കയാണ്. ഇരകളെ ആക്രമിച്ചു കൊലപ്പെടുത്താൻ വരെ മടിക്കാത്തവരാണ് കുറുവ സംഘമെന്നതാണ് നാട്ടുകാരെ ഭീതിപ്പെടുത്തിയിരിക്കുന്നത്.

പോലീസ് അനൗൺസ്മെന്‍റ് അടക്കമുള്ള മുന്നറിയിപ്പുകളുമായി രംഗത്തുണ്ട്. ഇന്നലെ ദേവാലയങ്ങളിൽ അടക്കം മോഷ്ടാക്കൾക്കെതിരേ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പും നൽകി. കഴിഞ്ഞ ദിവസം നിരീക്ഷണ കാമറയിൽ മാരകായുധങ്ങളുമായി നീങ്ങുന്ന മൂന്ന് മോഷ്ടാക്കളുടെ ചിത്രമാണ് പതിഞ്ഞത്.

തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കുറുവ സംഘമെന്നാണ് സംശയം. കരുത്തരായവരുടെ കൂട്ടം എന്ന അർഥത്തിൽ തമിഴ്നാട് പോലീസ് ആണ് ഇവടെ കുറുവ സംഘം എന്നു വിശേഷിപ്പിക്കുന്നത്.



അഞ്ചാം വാർഡിലെ നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, ആറാം വാർഡിലെ യാസിർ ഖലീഫ മൻസിൽ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, ഏഴാം വാർഡിലെ യാസ്മിൻ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.

ഒരു വീട്ടിൽനിന്നു റോൾഡ് ഗോൾഡിന്‍റെ ആഭരണം നഷ്ടപ്പെട്ടതൊഴികെ ഒന്നും തന്നെ മോഷ്ടിക്കപ്പെട്ടിട്ടില്ല. ഇന്നലെ വെളുപ്പിന് ഒന്നിനും 2.30നും ഇടയിലാണ് മോഷണശ്രമങ്ങളെല്ലാം നടന്നത്. ഏതോ ആയുധമുപയോഗിച്ച് തിക്കുന്പോൾ വാതിലിന്‍റെ കൊളുത്തു വിട്ടു പോകുകയായിരുന്നു. യാസിറിന്‍റെ വീട്ടിലാണ് ഏറ്റവും ഒടുവിൽ കയറിയത്.

വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾ പാദസരം കൈക്കലാക്കി. എന്നാൽ, ആഭരണം സ്വർണമായിരുന്നില്ല. ഇരുന്പുവടികളും ഒരു കൈലിമുണ്ടും ഇവിടെ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ പോയത്. പ്രത്യേക രീതിയിൽ തയാറാക്കിയ ഇരുന്പു വടികളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

വാതിലുകളുടെ കുറ്റികൾ ഏതുഭാഗത്താണെന്നു മനസിലാക്കി പുറത്തുനിന്ന് അതു കുത്തിയിളക്കി വാതിൽ തുറക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് കരുതുന്നത്. മോഷണശ്രമം നടന്ന വീടുകളിലൊക്കെ വാതിലിൽ ശക്തമായി ഇടിച്ചതിന്‍റെ പാടുകൾ കാണുന്നുണ്ട്.

ഇന്നലെ പകൽ മുഴുവൻ ഈ വീട്ടിലുള്ളവർക്കു മയക്കം അനുഭവപ്പെട്ടു. മയക്കാനുള്ള എന്തെങ്കിലും വസ്തുക്കൾ സ്പ്രേ ചെയ്തതായി സംശയിക്കുന്നു. അരോഗ്യ ദൃഢഗാത്രരായ മൂന്നു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങൾ കൈവശമുണ്ടായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് തലയിൽ കെട്ടുമായാണ് ഇവർ നടന്നു നീങ്ങിയത്. ചില വീടുകളിൽ അടയാളം പതിച്ചതു പകൽ നിരീക്ഷണത്തിന് എത്തിയവരാണെന്നും സംശയമുണ്ട്.



പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ ദിവസം അടിയന്തരമായി കൂടി സ്ഥിതിഗതികൾ വിലയിരുത്തി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. മനോജ്കുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പോലീസ് അനൗൺസ്മെന്‍റും നടത്തി.

അതേസമയം, അതിരന്പുഴയിൽനിന്ന് ഏറെ അകലെയല്ലാത്ത അടിച്ചിറയിലെ ചില വീടുകളിലും മോഷണ ശ്രമം നടന്നു. അതിരന്പുഴയിൽ എത്തിയ സംഘം തന്നെയാണോ ഇവിടെയും മോഷണത്തിനു ശ്രമിച്ചതെന്ന സംശയം ഉയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.