മനോരമയെ കൊലപ്പെടുത്തിയത് 21 കാരന്‍ ബംഗാള്‍ സ്വദേശി; അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍
മനോരമയെ കൊലപ്പെടുത്തിയത് 21 കാരന്‍ ബംഗാള്‍ സ്വദേശി; അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍
Monday, August 8, 2022 11:25 AM IST
തിരുവനന്തപുരം: കേശവദാസപുരത്തെ വീട്ടമ്മയെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. കൊലയ്ക്ക് പിന്നിലെ പ്രധാനിയായ ആദം അലി എന്ന 21 കാരന്‍ ബംഗാള്‍ സ്വദേശിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ആദം അലിയ്ക്കൊപ്പം താമസിച്ചിരുന്നവരാണ് കസ്റ്റഡിയിലുള്ളവര്‍.

ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ മനോരമ(68) ആണ് കൊല്ലപ്പെട്ടത്. കോളജ് ഓഫ് എജ്യൂക്കേഷനില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് മരിച്ച മനോരമയും ഭര്‍ത്താവ് ദിനരാജും.

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ആദം അലി രണ്ടുമാസം മുമ്പാണ് മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. ദിനരാജിന്‍റെ വീട്ടിൽ നിന്നായിരുന്നു പ്രതികള്‍ സ്ഥിരമായി വെള്ളമെടുത്തിരുന്നത്. ആദം അലി ഇന്നലെ ഉച്ചയോടെ ഇവരുടെ വീട്ടില്‍ എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവ ദിവസം ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് മനോരമയുടെ വീട്ടില്‍ നിന്നും അയല്‍പക്കത്തുള്ള ഒരാള്‍ നിലവിളി കേട്ടിരുന്നു.അയല്‍വാസികള്‍ മനോരമയുടെ വീട്ടില്‍ എത്തിയെങ്കിലും പ്രതികരണമൊന്നുമില്ലാഞ്ഞതിനാല്‍ തിരികെ പോയി.

എന്നാല്‍ വെെകിട്ടായിട്ടും വീട്ടില്‍ ആളനക്കം ഇല്ലാത്തതിനാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിലറിയിക്കുകയും തിരച്ചില്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ മനോരമയുടെ വീടിന് സമീപം താമസിച്ചിരുന്ന ആദം അലിയെ കാണാനില്ലെന്ന വിവരവും പുറത്ത് വന്നു. മനോരമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ നഷ്ടപ്പെട്ടിരുന്നു എന്നത് സംശയത്തിന്‍റെ ആക്കം കൂട്ടി.

തിരച്ചിലിനിടെ മണം പിടിച്ചെത്തിയ പോലീസ് നായ മനോരമയുടെ വീടിന് പിറകിലായുള്ള ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറിന് സമീപം വന്നുനിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി നടത്തിയ തിരച്ചിലിനൊടുവില്‍ മനോരമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ദമ്പതിമാര്‍ മാത്രമുള്ള വീടാണെന്ന് മനസിലാക്കി ആദം അലി കൊലപാതകത്തിനുള്ള പ്ലാന്‍ നേരത്തെ തയ്യാറാക്കിയതായിട്ടാണ് പോലീസ് കരുതുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.