സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമമുണ്ടായെന്ന് ലക്നോ കോടതി
Tuesday, November 1, 2022 2:31 PM IST
ലക്നോ: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമെന്ന് ലക്നോ ജില്ലാ കോടതി. കാപ്പന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.
പിഎഫ്എല്‍ ഭാരവാഹികളുമായി കാപ്പന് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയെന്നും സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുത്തെന്നും ഉത്തരവില്‍ പറയുന്നു.
ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പന് ഉള്‍പ്പെടെയുള്ളവര്‍ ഹത്രാസിലേയ്ക്ക് പോയത്. ഇവിടെയെത്തി മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം അടക്കം നടത്തി. ഇതുസംബന്ധിച്ച് കാപ്പന് ഉള്‍പ്പെടെയുളളവര്‍ക്ക് ലഭിച്ച പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നും ഉത്തരവിലുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസിലെ ജാമ്യാപേക്ഷയാണ് ലക്നോ ജില്ലാ കോടതി കഴിഞ്ഞ ദിവസം തള്ളിയത്. എന്നാല്‍ കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസില്‍ കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിട്ടത്.
എന്നാല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കൂ. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.