ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കുന്നത് പരിഗണനയിൽ, ചർച്ച ചെയ്ത് സിപിഎം
Friday, November 4, 2022 11:21 PM IST
തിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് മുറുകുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നത് പരിഗണനയിൽ. ഇതുസംബന്ധിച്ച് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ ചർച്ചയായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിലുണ്ടാകുമെന്നാണ് സൂചന.
അതേസമയം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പുതിയ ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെപ്പറ്റിയുള്ള വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരോപിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നൽകിയ കത്തിൽ ഗവർണർ എൽഡിഎഫ് സർക്കാരിനെതിരൊയ ഈ പരാതികൾ ഉൾപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന നിർദേശം പാലിച്ചില്ലെന്നും അദേഹത്തിന്റെ യാത്രാ വിവരങ്ങളെപ്പറ്റി ഒന്നും അറിയില്ലെന്നും ഖാൻ കുറിച്ചു. മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്പോൾ പകരം ചുമതല ആർക്കാണെന്ന് അറിയിച്ചില്ലെന്നും പരാതിയുണ്ട്.