സ്വയം പ്രഖ്യാപിത സ്ഥാനാർഥി: എംപിമാർക്ക് മുന്നറിയിപ്പുമായി കെ. സുധാകരൻ
Thursday, January 12, 2023 8:13 PM IST
തിരുവനന്തപുരം: സ്ഥാനാർഥിയായി സ്വയം പ്രഖ്യാപനം നടത്തുന്ന എംപിമാർക്ക് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആര് എവിടെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍വാഹക സമിതി യോഗത്തിലായിരുന്നു സുധാകരന്റെ മുന്നറിയിപ്പ്.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഏതു സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും പ്രവര്‍ത്തനമേഖല എവിടെയാണെന്നും നേതാക്കള്‍ പറയുന്നത് ശരിയല്ല. പാര്‍ട്ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്.
വ്യക്തികള്‍ സ്വയം തീരുമാനിച്ച് പ്രവര്‍ത്തിക്കാനാണെങ്കില്‍ പാര്‍ട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെങ്കില് അതു വ്യക്തമാക്കുന്നതില്‍ തടസമില്ല. സംഘടനാ കാര്യങ്ങളില്‍ നേതാക്കള്‍ സ്വയം തീരുമാനമെടുക്കുന്നത് ദോഷം ചെയ്യുമെന്നും പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെ.സുധാകരന് കൂട്ടിച്ചേർത്തു.