മുലായത്തിന് പദ്മ വിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ
Wednesday, January 25, 2023 10:50 PM IST
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുലായം സിംഗ് യാദവ്, സക്കീർ ഹുസൈൻ, കെ.എം. ബിർള, സുധാ മൂർത്തി എന്നിവരടക്കം 106 പേർക്കാണ് ബഹുമതി. ആറുപേർക്ക് പദ്മവിഭൂഷൺ, ഒൻപത് പേർക്ക് പദ്മഭൂഷൺ, 91 പേർക്ക് പദ്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചു.
അന്തരിച്ച സമാജ്വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിംഗ് യാദവ്, ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനോബിസ്, ബാലകൃഷ്ണ ദോഷി, ശ്രീനിവാസ് വർധൻ, വിഖ്യാത തബവാദകൻ സക്കീര്‍ ഹുസൈന്, മുന്‍ കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണ, എന്നിവര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ പദ്മ വിഭൂഷൺ.
പൊതുപ്രവർത്തനകൻ എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കാണ് മുലായത്തിന് പദ്മ വിഭൂഷൺ നൽകി ആദരിച്ചത്. കലയിൽ ശ്രദ്ധേയമായ സംഭാവന നൽകിയതിനാണ് തബവാദകൻ സക്കീര്‍ ഹുസൈന് പദ്മ വിഭൂഷൺ പുരസ്കാരം. വ്യവസായ മേഖലയ്ക്കു നൽകിയ സംഭാവനകൾ മാനിച്ച് കുമാർ മംഗലം ബിർളയ്ക്ക് പദ്മഭൂഷൺ നൽകി. സാമൂഹ്യ സേവനത്തിനാണ് സുധാ മൂർത്തിക്ക് പദ്മഭൂഷൺ പുരസ്കാരം. ഗായിക വാണി ജയറാം പദ്മഭൂഷൺ പുരസ്കാരത്തിന് അർഹയായി.
നാല് മലയാളികൾക്ക് പദ്മശ്രീ ലഭിച്ചു. ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, നെൽവിത്ത് സംരക്ഷകൻ ചെറുവയൽ കെ.രാമൻ, കളരിപ്പയറ്റ് ആശാൻ എസ്.ആർ.ഡി. പ്രസാദ് എന്നിവർക്കാണ് പദ്മശ്രീ ലഭിച്ചത്. അന്തരിച്ച നിക്ഷേപകൻ രാകേഷ് ജുൻജുൻവാല, നടി രവീണ ടണ്ടൻ, മണിപ്പൂർ ബിജെപി അധ്യക്ഷൻ തൗനോജം ചൗബ സിംഗ് എന്നിവർക്കും പദ്മശ്രീ പുരസ്കാരം ലഭിച്ചു.