ഗു​ണ്ടാ​സം​ഘ​ത്തി​ന് റ​സ്റ്റ് ഹൗ​സി​ൽ മു​റി ഏ​ർ​പ്പാ​ടാ​ക്കി​യ​ത് സി​പി​എം നേ​താ​വ്
ഗു​ണ്ടാ​സം​ഘ​ത്തി​ന് റ​സ്റ്റ് ഹൗ​സി​ൽ മു​റി ഏ​ർ​പ്പാ​ടാ​ക്കി​യ​ത് സി​പി​എം നേ​താ​വ്
Saturday, January 28, 2023 7:08 PM IST
സ്വന്തം ലേഖകൻ
അടൂര്‍: ഗുണ്ടാസംഘം അടൂര്‍ റസ്റ്റ് ഹൗസ് താവളമാക്കിയതിനു പിന്നില്‍ നിഗൂഢത. എറണാകുളത്തുനിന്നു തട്ടിക്കൊണ്ടുവന്ന യുവാവിനെ റസ്റ്റ് ഹൗസില്‍ താമസിപ്പിച്ച് രണ്ടുദിവസത്തോളം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഘത്തെയാണ് കഴിഞ്ഞദിവസം പോലീസ് റസ്റ്റ് ഹൗസില്‍നിന്നു പിടികൂടിയത്.

പഴകുളം സ്വദേശിയായ സിപിഎം പ്രാദേശിക നേതാവിന്‍റെ സഹായത്തിലാണ് തങ്ങള്‍ റസ്റ്റ് ഹൗസിലെത്തിയതെന്ന് പിടികൂടിയവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തുടര്‍ അന്വേഷണമുണ്ടായിട്ടില്ല.

ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുവന്ന് റസ്റ്റ് ഹൗസിലെ മുറിക്കുള്ളില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം റസ്റ്റ് ഹൗസിനുള്ളില്‍ ഗുണ്ടാസംഘത്തിന്‍റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മര്‍ദ്ദനമേറ്റ് പല്ല് അടര്‍ന്നുമാറിയ നിലയിലാണ് അടൂര്‍ പോലീസ് ലിബിനെ കണ്ടെത്തിയത്.

അഞ്ചംഗ ഗുണ്ടാസംഘത്തിനാണ് റസ്റ്റ് ഹൗസിലെ റൂം മാനദണ്ഡങ്ങളില്ലാതെ നല്‍കിയത്. റസ്റ്റ് ഹൗസിലെ കൗണ്ടര്‍ ബുക്കിലോ സന്ദര്‍ശന രജിസ്റ്ററിലോ സംഘത്തിലെ ഒരാളുടെ പേരുപോലും രേഖപ്പെടുത്താതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയാക്കിയപ്പോഴും അടൂരില്‍ മാഫിയസംഘം മുറികള്‍ കൈയടക്കി വച്ചിരിക്കുന്നത് ബന്ധപ്പെട്ടവര്‍ അറിഞ്ഞില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.


കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് നല്‍കിയ വിവരത്തേത്തുടര്‍ന്ന് അടൂര്‍ പോലീസ് ഗുണ്ടകളുടെ മൊബൈല്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റസ്റ്റ് ഹൗസ് ഭാഗത്ത് ഉണ്ടെന്ന വിവരം ലഭിക്കുന്നത്. പോലീസ് റസ്റ്റ് ഹൗസില്‍ എത്തിയതോടെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. റസ്റ്റ് ഹൗസിലെ ഒന്നാം ഭാഗത്തെ മുറിതുറന്ന പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഈ സമയം ലിബിന്‍ മര്‍ദനമേറ്റ് കിടക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച എറണാകുളത്ത് ഭാര്യയുമായി കാറില്‍ പോകുകയായിരുന്ന ലിബിനെ ഭാര്യയെ ഇറക്കിവിട്ട ശേഷമാണ് സംഘം അടൂര്‍ റസ്റ്റ് ഹൗസിലേക്ക് തട്ടിക്കൊണ്ടുവന്നത്. അഞ്ചംഗ സംഘത്തിലെ കുണ്ടറ മുളവന ഒപ്പറയില്‍ വീട്ടില്‍ പ്രദീഷ് , അടൂര്‍ മണക്കാല ചരുവിള പുന്തന്‍ വീട്ടില്‍ വിഷ്ണു, ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് ആസിഫ് മന്‍സില്‍ അന്‍വര്‍ഷാ എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, സംഭവത്തിനു പിന്നിൽ വന്‍ ലഹരിമാഫിയ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<