ഉമ്മൻ ചാണ്ടിയെ വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ച് മുഖ്യമന്ത്രി; നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ
Monday, February 6, 2023 10:22 PM IST
തിരുവനന്തപുരം: ന്യുമോണിയയെ തുടർന്നു ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്.
നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ കാണാൻ ആരോഗ്യമന്ത്രിയെ അയക്കാമെന്നും പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ അറിയിച്ചു.
ഇതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്തുവന്നു. പിതാവിന്റെ സുഖ വിവരം വിളിച്ച് അന്വേഷിച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. ചൊവ്വാഴ്ച ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മൻ പറഞ്ഞു.