ചേർത്തലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ
Monday, February 6, 2023 11:30 PM IST
ആലപ്പുഴ: ചേർത്തലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ. പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്കായി യുവതിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടർ വിജിലൻസ് പിടിയിലായത്.
ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കെ. രാജനെയാണ് പണം കൈമാറുന്നതിനിടെ പിടികൂടിയത്. കടക്കരപ്പള്ളി സ്വദേശിനിയുടെ പരാതിയിലാണ് വിജിലൻസ് നടപടി.
യുവതിയോട് ഡോക്ടർ 2500 രൂപ ആവശ്യപ്പെടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. മതിലകത്തുള്ള സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തില്‍ എത്തി യുവതി തുക കൈമാറുമ്പോൾ വിജിലൻസ് ജില്ലാ യൂണിറ്റ് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു.