കണ്ടാൽ മാന്യൻ, പക്ഷേ..! ബസിൽ പെൺകുട്ടികൾക്ക് സീറ്റൊരുക്കി ഉപദ്രവിക്കുന്നയാൾ പിടിയിൽ
കണ്ടാൽ മാന്യൻ, പക്ഷേ..! ബസിൽ പെൺകുട്ടികൾക്ക് സീറ്റൊരുക്കി ഉപദ്രവിക്കുന്നയാൾ പിടിയിൽ
Wednesday, February 8, 2023 1:33 PM IST
സ്വന്തം ലേഖകൻ
തളിപ്പറന്പ്: കണ്ടാൽ പക്കാ മാന്യൻ. സ്ഥിരമായി ബസിന്‍റെ മുൻവശത്തെ വാതിലിനടുത്ത സീറ്റിന്‍റെ സൈഡിൽ ഇരുത്തം. സീറ്റ് ഒഴിവ് വരുമ്പോൾ പെൺകുട്ടികളെ വിളിച്ച് അരികിലിരുത്തും. അറിയാത്തപോലെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും. സ്പർശനം കൂടുമ്പോൾ പെൺകുട്ടികൾ എഴുന്നേറ്റ് പോകുകയാണ് പതിവ്.

മണക്കടവിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെടുന്ന ബസിലാണ് സംഭവം. സ്ഥിരമായി ഈ ബസിലാണ് ഇയാൾ യാത്ര ചെയ്യുന്നത്. ഒടുവള്ളിയിൽനിന്ന് കയറി തളിപ്പറമ്പ് മന്നയ്ക്ക് ഇറങ്ങും. ബസിൽ മറ്റ് സീറ്റുകളുണ്ടെങ്കിലും മുൻവശത്തെ വാതിലിനടുത്തുള്ള സീറ്റിൽ മാത്രമേ ഇരിക്കൂ.

ബുധനാഴ്ച രാവിലെ ബസ് പൂവ്വം ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് ഒരു വിദ്യാർഥിനി ഇയാളുടെ മോശമായ ഇടപെടൽ സഹിക്ക വയ്യാതെ പ്രതികരിച്ചത്. സീറ്റിൽനിന്ന് എഴുന്നേറ്റ് നിന്ന പെൺകുട്ടി ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെടുകയും എന്താണ് ചേട്ടന്‍റെ പ്രശ്നം എന്ന് ചോദിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ അപ്രതീക്ഷിതമായ പ്രതികരണത്തിൽ ഇയാൾ ഒന്ന് ഞെട്ടി. അപ്പോഴേക്കും ആളുകൾ ഇയാളെ വളഞ്ഞിരുന്നു. ആദ്യ പകപ്പ് മാറിയപ്പോൾ ഇയാൾ ഞാനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു.

ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ട മൂന്ന് പേർകൂടി രംഗത്ത് എത്തിയതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ബസിലെ യാത്രക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ മന്നയ്ക്ക് എത്തിയപ്പോൾ ഇയാൾ ബസിൽനിന്ന് ഇറങ്ങാൻ ശ്രമിച്ചു. ആളുകൾ വളഞ്ഞ് നിർത്തി.

അപ്പോഴേക്കും ഇയാൾ എന്‍റെ കുടുംബം കലക്കരുത്, ഞാനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് ആളുകളോട് അപേക്ഷിക്കാൻ തുടങ്ങി. ബസ് തളിപ്പറമ്പ് എത്തിയതോടെ ഇയാൾ വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചതോടെ ആളുകൾ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<