യൂത്ത് കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം; ജലപീരങ്കി, ലാത്തിച്ചാർജ്
Wednesday, February 8, 2023 12:56 PM IST
കൊച്ചി: ബജറ്റിലെ നികുതി വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ ഇന്നും സംഘർഷം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന് നേരെ കുപ്പിയേറ് ഉണ്ടായി. ഇതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.
ഇതിനിടെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധിപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ലാത്തിച്ചാർജിനിടെ പ്രവർത്തകരെ തൂക്കിയെടുത്താണ് പോലീസ് വാഹനത്തിലേക്ക് മാറ്റിയത്.
പത്തനംതിട്ടയിലും പോലീസ് ബാരിക്കേഡ് മറിച്ചിടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.