ഇന്ധന സെസ് പിൻവലിച്ചില്ല; വ്യാഴാഴ്ച പ്രതിപക്ഷ പ്രതിഷേധ നടത്തം
Wednesday, February 8, 2023 10:27 PM IST
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കമുള്ള നികുതി വർധനകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിഷേധ നടത്തം. ഇന്ധന സെസിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ വ്യാഴാഴ്ച കാൽനടയായി നിയമസഭയിലെത്തും. എംഎൽഎമാർ ഹോസ്റ്റൽ മുതൽ നിയമസഭ വരെ നടക്കും.
നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. നിയമസഭാ സ്തംഭനം അടക്കമുള്ള സമര പരിപാടികൾ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
നിയമസഭാ സമ്മേളനം തുടങ്ങുന്ന ചോദ്യോത്തര വേള മുതൽ സഭാ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. നാല് യുഡിഎഫ് എംഎൽഎമാർ നി യമസഭയിൽ നടത്തുന്ന സത്യഗ്രഹ സമരം വ്യാഴാഴ്ച നാലാം ദിവസത്തിലേക്കു കടക്കും.
ബജറ്റ് അവതരണത്തിനു ശേഷമുള്ള ബജറ്റ് പൊതു ചർച്ച പൂർത്തിയാക്കി. വ്യാഴാഴ്ച ഉപധനാഭ്യർഥനയ്ക്കു ശേഷം സഭ അനിശ്ചിതകാലത്തേയ്ക്കു പിരിയും. സഭ പിരിയുന്ന സാഹചര്യത്തിൽ എംഎൽഎമാരുടെ സമരവും അവസാനിപ്പിക്കും. സമരം കൂടുതൽ തീവ്രതയോടെ പുറത്തേയ്ക്കു വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്യും.
ബജറ്റ് നിർദേശങ്ങളുടെ സബ്ജക്ട് കമ്മിറ്റിയിലെ പരിശോധനകൾക്കു ശേഷം ഇനി 27 മുതലാണ് നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നത്. മാർച്ച് അവ സാനം സമ്പൂർണ ബജറ്റ് പാസാക്കുന്നതു വരെ സഭാ നടപടികൾ തുടരും.