14 വയസുള്ള "തൊഴിലാളി'യോട് ക്രൂരത; മർദനം, ശരീരത്തിൽ പൊള്ളലേൽപ്പിച്ചു
Wednesday, February 8, 2023 10:30 PM IST
ഗുരുഗ്രാം: 14 വയസുള്ള പെൺകുട്ടിയെ വീട്ടിലെ ജോലിക്കായി നിയമിച്ച് ക്രൂരമായി മർദിച്ച ദമ്പതികളെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തിൽ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും മർദിക്കുകയും ചെയ്ത ഇരുവർക്കുമെതിരെ ഐപിസി, ബാലാവകാശ നിയമം, പോക്സോ നിയമം എന്നിവ അനുസരിച്ചാണ് കേസെടുത്തത്.
ഐടി ജീവനക്കാരായ മനീഷ് ഖട്ടർ, കമൽജീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫ്ലാറ്റിൽ ജോലിക്കായി എത്തിച്ച ജാർഖണ്ഡ് സ്വദേശിയായ കുട്ടിക്കാണ് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.
ജാർഖണ്ഡിൽ നിന്ന് തന്റെ അമ്മാവനാണ് തന്നെ വീട്ടുജോലിക്കായും ദമ്പതികളുടെ മൂന്ന് വയസുള്ള കുട്ടിയെ പരിപാലിക്കുന്നതിനായും എത്തിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ജോലികൾ ശരിയായി ചെയ്യുന്നില്ലെന്ന് ആരോപിച്ച് ദന്പതികൾ തന്റെ ശരീരത്തിൽ ചൂടുള്ള ദണ്ഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്നും ക്രൂരമായി മർദിക്കുമെന്നും കുട്ടി പറഞ്ഞു.
ഫ്ലാറ്റിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. ജാർഖണ്ഡിലെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടാനും ദമ്പതിമാർ അനുവദിച്ചിരുന്നില്ല. ജോലി ശരിയായി ചെയ്യുന്നില്ലെന്ന് കാട്ടി ഖട്ടർ പലപ്പോഴും തന്നെ വിവസ്ത്രയാക്കി സ്വകാര്യഭാഗങ്ങളിൽ മുറിലവേൽപ്പിക്കുമായിരുന്നുവെന്നും കുട്ടി അധികൃതരോട് പറഞ്ഞു.
പോലീസിന് ലഭിച്ച അഞ്ജാത ഫോൺകോളിൽ നിന്നാണ് ബാലവേലയെപ്പറ്റിയുള്ള വിവരം പുറത്തറിഞ്ഞത്. ദമ്പതിമാരുടെ ഫ്ലാറ്റിൽ പോലീസ് നടത്തിയ തെരച്ചിലിൽ ശരീരമാസകലം മുറിവുകളുമായി കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം ദമ്പതികളെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് വിവരമറിഞ്ഞയുടൻ കൗറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇവർ ജോലി ചെയ്തിരുന്ന ഐടി സ്ഥാപനം അറിയിച്ചു.