തുർക്കി, സിറിയ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം കാൽലക്ഷം കവിഞ്ഞു
വെബ് ഡെസ്ക്
Saturday, February 11, 2023 3:47 PM IST
അങ്കാറ: തുർക്കിയിലും സിറിയയിലും ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 25,000 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും അവശിഷ്ടങ്ങളിൽനിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി.
ഒരുലക്ഷത്തിലധികം പേരാണ് തെരച്ചലിൽ പങ്കുചേരുന്നത്. എന്നാൽ, ആവശ്യത്തിനു വാഹനങ്ങളും യന്ത്രോപകരണങ്ങളും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ദുരന്തത്തിന്‍റെ തീവ്രത ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ് ചൂണ്ടിക്കാട്ടി.
ദീർഘകാലമായി ആഭ്യന്തരയുദ്ധത്തിന്‍റെ പിടിയിലായിരുന്ന സിറിയയിൽ ഭൂകന്പമുണ്ടാക്കിയ പ്രതിസന്ധി ഒട്ടുംതന്നെ വ്യക്തമല്ല. സിറിയയിലെ സർക്കാർ നിയന്ത്രിത പ്രദേശങ്ങളിൽ സഹായം എത്തുന്നുണ്ടെങ്കിലും വിമതപ്രദേശങ്ങളുടെ കാര്യം പരിതാപകരമാണ്.