സഹിക്കാൻ കഴിയുന്നതിനുമപ്പുറം; പാർട്ടി ബലിമൃഗമാക്കിയെന്നും മുല്ലപ്പള്ളി
Saturday, February 25, 2023 3:22 PM IST
കോഴിക്കോട്: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ വീണ്ടും വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. പാർട്ടിയിൽ കനത്ത അവഗണനയാണ് താൻ നേരിട്ടു കൊണ്ടിരിക്കുന്നത് എന്നും കോൺഗ്രസ് തന്നെ ബലിമൃഗമാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
സഹിക്കാന്‍ കഴിയുന്നതിനുമപ്പുറം അവഗണനയാണ് കെപിസിസി നേതൃത്വത്തിൽ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്വം തന്റെ മാത്രം തലയിലിട്ട് തന്നെ ബലിമൃഗമാക്കി.
കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം നേതാക്കൾ ആരും ബന്ധപ്പെടുകയോ അഭിപ്രായം തേടുകയോ ചെയ്യാറില്ല. അതിനാലാണ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
1969 മുതല്‍ എഐസിസി സമ്മേളനങ്ങളില്‍ മുടങ്ങാതെ പങ്കെടുത്തിരുന്നു എന്നും ഹൃദയവേദനയോടെയാണ് ഇത്തവണ പ്ലീനറി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിന് ശേഷം പാർട്ടി തനിക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന് മുല്ലപ്പള്ളി നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. അടുത്തിടെ നടന്ന കോൺഗ്രസിന്റെ പല നിർണായക യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.