വൈദേകം റിസോർട്ട്: ഇപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കെ. സുധാകരൻ
Friday, March 3, 2023 10:47 PM IST
തിരുവനന്തപുരം: വൈദേകം റിസോർട്ടിനെതിരേ ഉയർന്ന അതീവ ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെതിരേ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോർട്ടിന്റെ പണി തുടങ്ങിയതും നിക്ഷേപങ്ങൾ ഒഴുകിവന്നതും. ഔദ്യോഗിക പദവി ദുരുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയാണ് നിക്ഷേപം വാങ്ങിയതെന്ന് ആക്ഷേപമുണ്ട്.
കുടുംബത്തിന്റെ വക റിസോർട്ടിനുവേണ്ടി നേരിട്ടും പരോക്ഷമായും നടത്തിയ ഇടപെടൽ അഴിമതിയുടെ പരിധിയിൽ വരുന്നതിനാൽ കേസെടുക്കേണ്ടി വരുമെന്നു സുധാകരൻ പറഞ്ഞു.