പഞ്ചാബ് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധവുമായി മൂസെവാലയുടെ കുടുംബം
Tuesday, March 7, 2023 6:25 PM IST
ഛണ്ഡിഗഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലെയുടെ മരണത്തിൽ നീതി തേടി കുടുംബം നിയമസഭാമന്ദിരത്തിന് മുമ്പിൽ ധർണ നടത്തി. സിദ്ദുവിന്റെ മാതാപിതാക്കളായ ബൽകോർ സിംഗ്, ചരൺ കൗർ എന്നിവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
2022 മെയ് 29-ന് മാൻസ ജില്ലയിൽ വച്ച് സിദ്ദുവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ മാത്രമാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തവർ സ്വദേശത്തും വിദേശത്തും സ്വൈര്യവിഹാരം നടത്തുകയാണെന്നും തങ്ങൾക്ക് നീതി വേണമെന്നും ഇവർ വ്യക്തമാക്കി.
മൂസെവാലയുടെ കുടുംബത്തിനൊപ്പം പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ധർണയിൽ പങ്കെടുത്തു. എന്നാൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ 29 പ്രതികളെ അറസ്റ്റ് ചെയ്തതായും മൂസെവാലയുടെ കുടുംബത്തെ കാണാനായി സമരപ്പന്തലിലെത്തിയ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ അറിയിച്ചു.