ഇന്ധന തുകയെ സംബന്ധിച്ച തർക്കം; മർദനമേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു
Wednesday, March 8, 2023 11:02 AM IST
ഹൈദരാബാദ്: കാറില്‍ നിറച്ച ഇന്ധനത്തിന്റെ തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു. ഹൈദരാബാദിലെ നര്സിങ്ങിയിലാണ് സംഭവം.
കാറില്‍ ഇന്ധനം നിറയ്ക്കാനായി മൂന്നുപേരാണ് ഇവിടെ എത്തിയത്. ഇന്ധനം നിറച്ചതിന് ശേഷം പണം ഓണ്‍ലൈനായി കൈമാറാമെന്ന് ഇവര്‍ ജീവനക്കാരനോട് പറഞ്ഞു. എന്നാല്‍ തുക ക്യാഷായി നല്‍കണമെന്ന് ജീവനക്കാരന് ഇവരോട് ആവശ്യപ്പെട്ടു.
ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മൂന്നുപേരും ചേര്‍ന്ന് ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കേസിലെ പ്രതികളായ മൂന്നുപേരെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.