പറഞ്ഞത് കർഷകർക്കു വേണ്ടി, സഭാ നിലപാടായി കാണേണ്ടതില്ല: മാർ ജോസഫ് പാംപ്ലാനി
Monday, March 20, 2023 12:03 AM IST
കണ്ണൂർ: ആലക്കോട്ട് നടന്ന കർഷക റാലിയിലെ തന്റെ പ്രസംഗം കർഷകരുടെ ദുരിതത്തിനു മുന്നിൽ ഉറച്ച നിലപാടുകളോടെ പറഞ്ഞതാണെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ഒരു മുന്നണിയുമായും സംഘർഷത്തിന് താത്പര്യമില്ല. ഇടത് സർക്കാരിൽ വിശ്വാസം പോയി എന്നും പറഞ്ഞിട്ടില്ല. കർഷകർക്കുവേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റബറിന് വില വർധിപ്പിക്കാൻ സഹായിക്കുന്ന കക്ഷികളെ കർഷകർ സഹായിക്കും.
അത് ബിജെപിയും സഭയും തമ്മിലുള്ള ബന്ധമായി കരുതണ്ട. രാഷ്ട്രീയലക്ഷ്യത്തോടെയല്ല പ്രസ്താവന നടത്തിയത്. കേന്ദ്രമോ സംസ്ഥാനമോ ആരു സഹായിച്ചാലും അവര്‍ക്കൊപ്പം നില്ക്കും. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും റബര്‍ കര്‍ഷകരുടെ വികാരമാണ് താന്‍ പങ്കുവച്ചതെന്നും ആർച്ച് ബിഷപ് പറഞ്ഞു.