റൂളിംഗില്‍ വ്യക്തതയില്ല, ഷാഫിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച നടപടി സ്വാഗതം ചെയ്യുന്നു: സതീശന്
Monday, March 20, 2023 1:26 PM IST
തിരുവനന്തപുരം: പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയ്ക്കും സ്പീക്കര്‍ തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സ്പീക്കറുടെ റൂളിംഗില്‍ അവ്യക്തതയുണ്ടെന്ന് സതീശന് പറഞ്ഞു.
പഴയതുപോലെ അടിയന്തരപ്രമേയ ചര്‍ച്ച ഇനി അനുവദിക്കില്ലെന്ന നിലപാടാണ് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയെടുത്ത നിലപാട്. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും സതീശന് വ്യക്തമാക്കി.
അടിയന്തരപ്രമേയം സംബന്ധിച്ച് കീഴ്വഴക്കങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു. ഒരു കാരണവുമില്ലാതെ നാല് അടിയന്തരപ്രമേയ നോട്ടീസുകളാണ് നിഷേധിക്കപ്പെട്ടത്. കൃത്യമായ റൂള്‍ പോലും ഉദ്ധരിക്കാതെയാണ് അടിയന്തര പ്രമേയങ്ങള്‍ തള്ളിയത്.
സ്പീക്കറുടെ ഓഫീസിന് മുമ്പിലെ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ വാദി പ്രതിയായെന്നും സതീശന് പറഞ്ഞു. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കള്ളക്കേസെടുത്തു.
പ്രതിപക്ഷത്തിന്റെ ഉപരോധസമരത്തിനിടെ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് എന്താണ് കാര്യമെന്ന് സതീശന് ചോദിച്ചു. അവര്‍ അനാവശ്യമായി വന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
സഭാടിവിയില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളും കാണിക്കും എന്ന സ്പീക്കറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സതീശന് അറിയിച്ചു. ഷാഫി പറമ്പിലിനെതിരായ പരാമര്‍ശം അനുചിതമായിപ്പോയെന്ന സ്പീക്കറുടെ അറിയിപ്പിനെയും സ്വാഗതം ചെയ്യുന്നു.
അടിയന്തരപ്രമേയത്തിന്റെ കാര്യത്തിലും എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നും സതീശന് വ്യക്തമാക്കി.