ന്യൂഡൽഹി: ഡല്‍ഹിയിലുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഏര്‍പ്പെടുത്തിയ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി.

ഡൽഹി ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ പോലീസ് ബാരിക്കേഡുകളും രാജാജി മാര്‍ഗിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിന്‍റെ വസതിക്ക് മുന്നിലെ ബാരിക്കേഡുകളുമാണ് ബുധനാഴ്ച ഉച്ചയോടെ നീക്കംചെയ്തത്. ഇവിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ.

ലണ്ടനിലെ സംഭവത്തിൽ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. സുരക്ഷാ വീഴ്ചയിൽ വിശദീകരണം തേടിയ ഇന്ത്യ, ഈ അലംഭാവം സ്വീകാര്യമല്ലെന്നു വ്യക്തമാക്കി. എത്രയും വേഗം കുറ്റക്കാരെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.

ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാൽ സിംഗിനായി നടത്തുന്ന തെരച്ചിലിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ലണ്ടനിൽ ഇന്ത്യൻ പതാക താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.