കൊച്ചി മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റിനാലു മാസത്തിനകം രൂപീകരിക്കണം: ഹൈക്കോടതി
Friday, March 24, 2023 1:09 AM IST
കൊച്ചി: കൊച്ചി മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റിയും വികസന അഥോറിറ്റിയും നാലു മാസത്തിനകം രൂപീകരിക്കണമെന്ന് ഹൈക്കോടതി. മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന ഭരണഘടന ഭേദഗതി വന്നിട്ട് 30 വര്‍ഷം കഴിഞ്ഞിട്ടും കമ്മിറ്റിയും അഥോറിറ്റിയും നിലവില്‍ വരാത്തതു ഗുരുതരമായ വീഴ്ചയാണെന്നും കോടതി പറഞ്ഞു.
ഭേദഗതി നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടായ സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ സമയം ആവശ്യപ്പെടാതെ എത്രയും പെട്ടെന്നു രൂപീകരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പത്തു ലക്ഷമോ അതിനു മുകളിലോ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഭരണഘടനയുടെ 74 -ാം ഭേദഗതി പ്രകാരം മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി (എംപിസി) അനിവാര്യമാണെങ്കിലും കൊച്ചിയില്‍ നടപ്പാക്കിയിട്ടില്ലെന്ന് ആരോപിച്ച് എറണാകുളം സ്വദേശികളായ റിച്ചാര്‍ഡ് രാജേഷ് കുമാര്‍, അര്ജുന് പി. ഭാസ്കര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് ജൂലൈ 18ന് വീണ്ടും പരിഗണിക്കും.