മോദി ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: പ്രിയങ്ക ഗാന്ധി
Friday, March 24, 2023 5:29 PM IST
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ കുടുംബം അതിന്റെ രക്തത്താലാണ് ഇന്ത്യൻ ജനാധിപത്യത്തിന് ധാരകോരിയതെന്നും പ്രിയങ്ക പറഞ്ഞു.
ഈ കുടുംബം ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ഉയർത്തുകയും സത്യത്തിനായി തലമുറകളായി പോരാടുകയും ചെയ്തു. ഞങ്ങളുടെ ഞരമ്പുകളിൽ ഒഴുകുന്ന രക്തത്തിന് ഒരു പ്രത്യേകതയുണ്ട്, നിങ്ങളെപ്പോലുള്ള ഭീരുവും അധികാരമോഹിയുമായ സ്വേച്ഛാധിപതിക്ക് മുന്നിൽ ഒരിക്കലും തലകുനിച്ചിട്ടില്ല. ഒരിക്കലും ചെയ്യില്ല. നിങ്ങൾ എന്താണ് ചെയ്യുന്നതെങ്കിൽ അത് ചെയ്യാനും പ്രിയങ്ക വെല്ലുവിളിച്ചു.
യഥാർഥ രാജ്യസ്നേഹിയെപ്പോലെ രാഹുൽ, അദാനിയുടെ കൊള്ളയെ ചോദ്യം ചെയ്തു. നീരവ് മോദിയെയും മെഹുൽ ചോക്സിയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. നിങ്ങളുടെ സുഹൃത്ത് ഗൗതം അദാനി രാജ്യത്തെ പാർലമെന്റിനെക്കാളും ഇന്ത്യയിലെ മഹാന്മാരേക്കാളും വലുതായി മാറിയോ? അയാളുടെ കൊള്ളയെ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ ഞെട്ടിപ്പോയെന്നും പ്രിയങ്ക പരിഹസിച്ചു.