കാഞ്ചിയാർ അനുമോളുടെ കൊലപാതകം; ഭർത്താവ് ബിജേഷ് പിടിയിൽ
സ്വന്തം ലേഖകൻ
Sunday, March 26, 2023 3:48 PM IST
ഇടുക്കി: കട്ടപ്പന കാഞ്ചിയാറിൽ അധ്യാപിക അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഭർത്താവ് ബിജേഷ് അറസ്റ്റിൽ. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ ആറുദിവസമായി ബിജേഷ് ഒളിവിലായിരുന്നു. 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
18ന് രാവിലെ മുതലാണ് അനുമോളെ കാണാനില്ലെന്ന് ബന്ധുക്കള്‍ മനസിലാക്കുന്നത്. ബിജേഷ് തന്നെയാണ് അനുമോള്‍ വീട് വിട്ട് പോയെന്ന് ബന്ധുക്കളെ അറിയിക്കുന്നത്. സംശയം തോന്നി ബന്ധുക്കള്‍ ഇവരുടെ പേഴുംകണ്ടത്തെ വീട്ടിലെത്തിയെങ്കിലും ബിജേഷ് ഇവരെ തന്ത്ര പൂര്‍വം കിടപ്പറയില്‍ പ്രവേശിപ്പിക്കാതെ മടക്കി അയച്ചു.
19ന് ബന്ധുക്കള്‍ക്കൊപ്പം അനുമോളെ കാണാനില്ലെന്ന പരാതി നല്‍കാന്‍ ബിജേഷും എത്തിയിരുന്നു. തിങ്കളാഴ്ച്ച അനുമോളെ തിരയുന്ന സംഘത്തിലും ബിജേഷ് ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് സംശയം തോന്നി അനുമോളുടെ ബന്ധുക്കള്‍ ഇവര്‍ താമസിച്ച വീടിന്‍റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
ഇതിനു തൊട്ടു മുമ്പ് വരെ ബിജേഷ് പ്രദേശത്തുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതാകുന്നതും. കുറച്ചു കാലമായി ബിജേഷിന്‍റെയും അനുമോളുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.