ഗവർണർ മയപ്പെടുന്നു: വിസിയായി ആരെ വേണം; സർക്കാരിന് കത്തയച്ച് രാജ്ഭവൻ
Tuesday, March 28, 2023 10:36 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയുള്ള ഡോ. സിസ തോമസ് മാർച്ച് 31നു വിരമിക്കുന്പോൾ പകരം ചുമതല ആർക്കു നൽകണമെന്നതു സംബന്ധിച്ചു സർക്കാരിനു കത്തു നൽകി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലറുടെ താത്കാലിക ചുമതല നൽകുന്നതിനെക്കുറിച്ചു ഗവർണർ സർക്കാരിന്റെ അഭിപ്രായം തേടിയത്.
വിസിയെ നിയമിക്കുന്നതിനു മൂന്നു പേരുടെ പട്ടിക സമർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതേ തുടർന്നു മൂന്നു സീനിയർ പ്രഫസർമാരുടെ പട്ടിക സർക്കാർ രാജ്ഭവനു കൈമാറി. ഇവരിൽ ആർക്കു കൈമാറണമെന്നാണു ഗവർണർ സർക്കാരിന്റെ അഭിപ്രായം തേടിയത്.
31നു വിരമിക്കുന്ന വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് ബുധനാഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം, ഗവർണറുടെ കത്തു പരിശോധിച്ച് ഉടൻ സർക്കാർ മറുപടി നൽകും. സർക്കാർ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലാകും ഗവർണർ തീരുമാനമെടുക്കുക.
അതിനിടെ, സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പാലിക്കേണ്ട ചട്ടങ്ങളിലെ ആശയക്കുഴപ്പം പരിഹരിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു വേണ്ടി രാജ്ഭവൻ യുജിസി ചെയർമാന് കത്ത് എഴുതി.
വിസി നിയമനം സംബന്ധിച്ചു യുജിസി ചട്ടങ്ങളിൽ ചില കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതും സർവകലാശാലാ നിയമങ്ങളിൽ വ്യത്യസ്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയും ആശയക്കുഴപ്പം പരിഹരിക്കാനാണു ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി വിധികളുടെ അടിസ്ഥാനത്തിൽ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി ഗവർണറാണോ സർക്കാരാണോ രൂപീകരിക്കേണ്ട തെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നു നിർദേശിച്ചിട്ടുണ്ട്.