കസ്തൂരി വിൽപന നടത്തുന്നതിനിടെ നാല് പേർ പിടിയിൽ
Tuesday, March 28, 2023 9:05 PM IST
നെടുമ്പാശേരി: ലക്ഷങ്ങൾ വിലമതിക്കുന്ന ‘കസ്തൂരി’ ( മസ്ക് ) വില്പന നടത്തുന്നതിനിടെ വീട്ടുടമ അടക്കം നാലുപേരെ വനം വകുപ്പ് പിടികൂടി. വീട്ടുടമ പുത്തൻതോട് സ്വദേശി ശിവജി, ഒല്ലൂർ സ്വദേശി വിനോദ്, ചെങ്ങമനാട് സ്വദേശി അബൂബക്കർ, മാള സ്വദേശി സുൽഫി എന്നിവരാണ് പിടിയിലായത്.
രാവിലെ 10.45ഓടെ എറണാകുളം റേഞ്ച് ഓഫീസർ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ, ഏഴാറ്റുമുഖം വനംവകുപ്പുകളിലെ 20ഓളം ഉദ്യോഗസ്ഥർ ശിവജിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയാണ് നാലുപേരെയും പിടികൂടിയത്.
ഉദ്യോഗസ്ഥരെ കണ്ട് സോഫക്ക് താഴെ വലിച്ചെറിഞ്ഞ വിവിധ വലുപ്പത്തിലുള്ള എട്ട് കസ്തൂരികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. രണ്ടിഞ്ച് വ്യാസമുള്ളതായിരുന്നു മൂന്നു കസ്തൂരികൾ. അതിലും ചെറുതായിരുന്നു ബാക്കിയുള്ളവ. വിനോദും, സുൽഫിയും ലാൽജിക്ക് വേണ്ടി കസ്തൂരി വിൽക്കാനെത്തിയതാണെന്നാറിയുന്നത്. ഇടനിലക്കാരനായിരുന്നുവത്രെ അബൂബക്കർ.
കസ്തൂരികളും വിനോദിന്റെയും, സുൽഫിയുടെയും സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു.