ഷർജീൽ ഇമാമിനെ കുറ്റവിമുക്തനാക്കിയ വിധി ഭാഗികമായി റദ്ദാക്കി ഡൽഹി ഹൈക്കോടതി
Tuesday, March 28, 2023 10:50 PM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥി നേതാവ് ഷർജീൽ ഇമാം ഉൾപ്പെടെ പ്രതികളെ കുറ്റവിമുക്തമാക്കിയത് ഭാഗികമായി റദ്ദാക്കി ഡൽഹി ഹൈക്കോടതി. സഫൂറ സർഗാർ, ആസിഫ് തൻഹ അടക്കമുള്ള പതിനൊന്ന് പേരെ വെറുതെ വിട്ട ഡൽഹി സാകേത് കോടതിയുടെ നടപടിയാണ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത്.
വിചാരണക്കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കിയ ഹൈക്കോടതി ഷർജീൽ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരുൾപ്പെടെയുള്ള ഒൻപത് പേർക്കെതിരെ കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നും വ്യക്തമാക്കി.
2019 ലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജഐൻയു വിദ്യാർഥികളുടെ പ്രതിഷേധം നടന്നത്. ഗവേഷക വിദ്യാർഥിയും വിദ്യാർഥി നേതാവുമായ ഷർജീൽ ഇമാമിന്റെ നേതൃത്വത്തിൽ ഷഹീൻബാഗിലും മറ്റുമായി നിരവധി പ്രതിഷേധ പരിപാടികൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പ്രതിഷേധ പരിപാടിക്കിടെ ഷർജീൽ ഇമാം നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പോലീസിന്റെ ആക്ഷേപം.