സാങ്കേതിക സർവകലാശാല വിസി: പുതുക്കിയ മൂന്നംഗ പാനൽ ഗവർണർക്കു കൈമാറി
Thursday, March 30, 2023 1:45 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലർ സ്ഥാനത്തേക്ക് സർക്കാർ ഗവണർക്ക് മൂന്നംഗ പാനൽ നൽകി. ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥ്, ഡോ.ടി.പി. ബൈജു ബായി, പ്രഫ.അബ്ദുൾ നസീർ എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് സംസ്ഥാന സർക്കാർ ഗവർണർക്കു കൈമാറിയത്.
ഇതിൽ ഡോ.സജി ഒഴികെയുള്ളവർ മേയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നവരാണ്. അവരിൽ ഒരാൾ താൽക്കാലിക വിസിയായാൽ മേയ് 31 ന് ശേഷം സാമ്പത്തിക അധികാരങ്ങൾ ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ ഡോ.സജി ഗോപിനാഥ് വിസിയാകാനാണ് കൂടുതൽ സാധ്യത.
നേരത്തെ അദ്ദേഹത്തിന്റെ പേര് സർക്കാർ മുന്നോട്ടുവച്ചെങ്കിലും ഗവർണർ തള്ളിയിരുന്നു. കോടതിയിൽ നിന്ന് തിരിച്ചടികൾ വന്നതോടെ സർക്കാരിന് താൽപര്യമുള്ളവരെ താൽക്കാലിക വിസിയായി നിയമിക്കാമെന്ന് ഗവർണർ അറിയിക്കുകയായിരുന്നു.
സാങ്കേതിക സർവകലാശാ വൈസ് ചാൻസലറുടെ അധിക ചുമതല വഹിക്കുന്ന ഡോ. സിസാ തോമസ് ശനിയാഴ്ച വിരമിക്കുന്ന പശ്ചാത്തലത്തിൽ പുതിയ വൈസ് ചാൻസലറെ കണ്ടെത്തേണ്ടതുണ്ട്.