മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര ജനങ്ങളോടുള്ള വെല്ലുവിളി: സുരേന്ദ്രൻ
Wednesday, April 5, 2023 2:03 AM IST
ന്യൂഡൽഹി: കേരളം വലിയ കടക്കെണിയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടി നിൽക്കുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്കു പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ജനങ്ങൾ നെട്ടോട്ടമോടുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുകയാണ്. നികുതി വർധനവിൽ ജനങ്ങൾക്കു രക്ഷയില്ല. ഭൂനികുതി, വെള്ളക്കരം, വൈദ്യുതിചാർജ്, ഇന്ധന നികുതി തുടങ്ങിയവയെല്ലാം ജനങ്ങളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.
ജനവിരുദ്ധ യാത്രയിൽനിന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണം. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽനിന്നു സർക്കാർ ഒളിച്ചോടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.