കെഎസ്യു പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ വിവാദം
Saturday, April 8, 2023 10:51 PM IST
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നു. കെപിസിസി നിർദേശങ്ങൾ ലംഘിച്ച് ഹൈക്കമാൻഡ് പിന്തുണയോടെ എൻഎസ്യുഐ ജംബോ കമ്മിറ്റിയെ നിയമിച്ചതിനെതിരെ കെ. സുധാകരൻ രംഗത്തെത്തി.
ജംബോ കമ്മിറ്റിയെ നിയമിച്ചതില്‍ സുധാകരന് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. തീരുമാനത്തിൽ അതൃപ്തി അറിയിച്ച് കെഎസ്യുവിന്റെ മേൽനോട്ട ചുമതലയിൽ നിന്ന് വി.ടി. ബല്‍റാമും കെ. ജയന്തും ഒഴിഞ്ഞു.
വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവർ ഇടപെട്ട് പട്ടികയില്‍ അട്ടിമറി നടത്തിയെന്ന ആരോപണവുമായി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
സംസ്ഥാന കമ്മിറ്റി അംഗബലം 40 പേരിലേക്ക് ചുരുക്കണമെന്ന് കെപിസിസി നിര്‍ദേശിച്ചെങ്കിലും പട്ടിക പുറത്തുവന്നപ്പോള്‍ 101 പേരാണ് സമിതിയിൽ ഉൾപ്പെട്ടത്. വിവാഹിതരെ നേതൃപദവികളിലേക്ക് നാമനിർദേശം ചെയ്തതും വിവാദമായി.
നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ കമ്മിറ്റിയിലുള്ളത്. 43 പേരാണ് പുതിയ സംസ്ഥാന നിർവാഹ സമിതി അംഗങ്ങൾ. പ്രധാന സർവകലാശാലകളുടെയും കോളജുകളുടെയും ചുമതല 21 കൺവീനർമാർക്ക് നൽകി. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെയും നിയമിച്ചു.
സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യർ ചുമതലയേറ്റതിന് പിന്നാലെയാണ് പുനഃസംഘടന. നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയർ വൈസ് പ്രസിഡന്റുമാരായി പുനർനാമകരണം ചെയ്തിട്ടുണ്ട്.